ആലപ്പുഴ: ത്രികോണ പോരാട്ടം നടക്കുന്ന ആലപ്പുഴിൽ മുന്നണികളുടെ അവസാനവട്ട പ്രചരണത്തിന്റെ ചൂടും ആവേശവും കൂടുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.അരിഫിന്റെ ഹരിപ്പാട് മണ്ഡലത്തിലെ മൂന്നാം ഘട്ട പര്യടനത്തിന് ഇന്നലെ തുടക്കമായി. പര്യടനം താമല്ലാക്കലിൽ സി.പിഎം കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.സി.എസ്. സുജാത ഉദ്ഘാടനംചെയ്തു. ചെന്നാട് കോളനിയിലായിരുന്നു രണ്ടാമത്തെ സ്വീകരണം. പഴയചിറയിലെ സ്വീകരണ കേന്ദ്രത്തിൽ കൈകൊട്ടിക്കളിയോടെയാണ് ആരിഫിനെ വരവേറ്റത്. കാർത്തികപ്പള്ളി പള്ളേമ്പിക്കാവ്, ചിങ്ങോലി വെള്ളിശേരി, മുതുകുളം ആമ്പക്കുടി ലക്ഷംവീട് കോളനി, കൊല്ലംമുറി തെക്ക്, ചിങ്ങോലി കാട്ടിൽ ലക്ഷം വീട് കോളനി, കുഴിവേലി മുക്ക്, ചേപ്പാട് ചിറ്റൂർ, പള്ളിപ്പാട് വഴുതാനം, അകവൂർ മഠം, അരുണപ്പുറം ,കാർത്തികപ്പള്ളി ബഥേൽ ജംഗ്ഷൻ, പുത്തൻപുര ലക്ഷം വീട് കോളനി, കുഴിക്കുളങ്ങര , ആനാരി പള്ളിമുക്ക്, വടക്കേക്കര, കരുവാറ്റ പുത്തൻവീട്ടിൽ ,വാഴക്കൂട്ടം, പ്ലാംപറമ്പ്, പല്ലന കുറ്റിക്കാട്ട് ചേലക്കാട്, ആറാട്ടുപുഴ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പെരുമ്പള്ളിയിൽ സമാപിച്ചു.

കെ.സി കരുനാഗപ്പള്ളിയിൽ

കരുനാഗപ്പള്ളിയിലെ തീരദേശ മേഖല കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ ഇന്നലത്തെ പ്രചാരണം. പുലർച്ചെ 6.45ന് അഴീക്കൽ ഹാർബറിലെത്തി മത്സ്യത്തൊഴിലാളികളുമായി സൗഹൃദം പുതുക്കി. അഴീക്കൽ സുനാമി സ്മാരകം സന്ദർശിച്ചു. യാത്രയിൽ മത്സ്യതൊഴിലാളികൾ വല നെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട കെ.സി അവിടെ ഇറങ്ങുകയും അവരുമായി ഏറെ നേരം സംസാരിക്കുകയുംചെയ്തു. പര്യടനത്തിനിടെ വിവിധ ആരാധനാലയങ്ങളും കെ.സി സന്ദർശിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇന്ന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. 4 മണിക്ക് കായംകുളത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ കെ.സി.വേണുഗോപാലിനോടൊപ്പം രേവന്ത് റെഡ്ഡിയും കൈകോർക്കും.ഓച്ചിറ വരെയാണ് റോഡ് ഷോ. തുറന്ന വാഹനത്തിൽ ഇരുനേതാക്കളും ജനങ്ങളെ അഭിവാദ്യം ചെയ്യും. തെലുങ്കാന മന്ത്രി സീതാക്കയും വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് വയലാർ നടക്കുന്ന കുടുംബ സംഗമമാണ് ആദ്യ പരിപാടി. തുടർന്ന് 3ന് ഓച്ചിറയിൽ നടക്കുന്ന മഹിളാരവം പരിപാടിയിലും പൊതുസമ്മേളനത്തിലും രേവന്ത് റെഡ്ഡിയും സീതാക്കയും പങ്കെടുക്കും.

ശോഭ ഹരിപ്പാട്

ഹരിപ്പാട് പൂർവസൈനിക പരിഷത്ത് യോഗത്തിൽ പങ്കെടുത്താണ് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ പര്യടനത്തിന് തുടക്കമിട്ടത്. തുടർന്ന അമ്പലപ്പുഴ മണ്ഡലം സ്വീകരണ ഘോഷയാത്ര നടന്നു. അമ്പലപ്പുഴ മണ്ഡലത്തിലെ സ്വീകരണപര്യടന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ നൂറുകണക്കിന് പേരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ജില്ലാ അഖില ഭാരതീയപൂർവ്വ സൈനിക സേവാ പരിഷത്ത് യോഗം ഉദ്ഘാടനം ചെയ്തു. തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ മഹിളാമോർച്ച പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് വിവിധ കേന്ദ്രങ്ങളിലേക്ക് നീങ്ങിയത്.