ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാനർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ കെ.സി.വേണുഗോപാൽ മറുപടി പറയണമെന്ന് എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എച്ച്.സലാം എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദിന്റെയും, എ.എ. ഷുക്കൂറിന്റെയും നേതൃത്വത്തിലാണ് കെ.സി.വേണുഗോപാലിനെതിരെ നീക്കം നടന്നത്. കോൺഗ്രസ് പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ നിഹാർ രാത്രിയുടെ മറവിൽ ബാനർ നശിപ്പിക്കുകയായിരുന്നു.

സംഭവം എൽ.ഡി.എഫ് പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. എന്നാൽ പൊലീസിന്റെ ശാസ്ത്രീയ പരിശോധനയിൽ പ്രതി പിടിയിലാകുകയായിരുന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചനയിൽ പങ്കെടുത്ത മുഴുവൻ പേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പൊലീസ് ഉണർന്നു പ്രവർത്തിക്കണമെന്നും എച്ച്.സലാം പറഞ്ഞു.