
ഹരിപ്പാട്: സുഹൃത്ത് ഓടിച്ച കാറിനടിയിൽപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. മുട്ടം വലിയകുഴി നെടുംതറയിൽ ശ്രീലാൽ (50) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ ശ്രീലാലും സുഹൃത്ത് സാബുദത്തും കാറിൽ വീടിന് സമീപത്തെത്തി. യാത്ര പറഞ്ഞ് പുറത്തിറങ്ങിയ ശ്രീലാൽ പെട്ടെന്ന് കാറിന് അടിയിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഇത് അറിയാതെ സാബുദത്ത് കാറ് മുന്നോട്ട് എടുക്കുകയായിരുന്നു. ഉടൻതന്നെ ശ്രീലാലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വാരിഎല്ലുകൾ ഒടിഞ്ഞ് ആന്തരിക അവയവങ്ങൾക്ക് തകരാർ സംഭവിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ നൽകിയ പ്രാഥമിക വിവരം. ഇടുക്കി ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറാണ് ശ്രീലാൽ. മാതാവ്: സരസ്വതി. സഹോദരൻ: ശാന്തിലാൽ.