തുറവൂർ: തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിനിടെ അന്യസംസ്ഥാനതൊഴിലാളിയായ യുവാവ് മരിച്ച സംഭവത്തിൽ ക്രെയിൻ ഓപ്പറേറ്ററായ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ഡിയോറിയ കോട്ട് വാലി കൈലാസ്പുരി ലൈൻ നമ്പർ 5-ൽ അജയ് ബഹാദൂർ സിംഗിന്റെ മകൻ അമിത് കുമാർ സിംഗിനെയാണ് (31) കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യയ്ക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശീയപാതയിൽ ചമ്മനാട് ക്ഷേത്രത്തിന് തെക്കുവശം ചൊവ്വാഴ്ച രാവിലെ 11ന് ഉണ്ടായ അപകടത്തിൽ ബീഹാർ ഫാൻഗോ ഖാജരിയ സ്വദേശി മുഹമ്മദ് സാഹിദ് ആലം (29) ആണ് മരിച്ചത്. റോഡിന് മദ്ധ്യത്തിലെ 231-ാം നമ്പർ പില്ലറിന് മുകളിൽ വച്ച്, ക്രെയിനിൽ ഉയർത്തിയ ഷട്ടറിംഗ് പ്ലേറ്റ് വീണാണ് ഇയാൾ മരിച്ചത്. ക്രെയിൻ ഓപ്പറേറ്റായ അമിത് കുമാർ സിംഗിന്റെ കൃത്യവിലോപമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മൊബൈൽ ഫോണിൽ സംസാരിച്ച് അശ്രദ്ധമായാണ് ക്രെയിൻ പ്രവർത്തിപ്പിച്ചത്. ഒറ്റ തൂണുകളിലെ പിയർ ഗ്യാപിലേക്ക് ഇരുമ്പ് പാളി ഉയർത്തുമ്പോൾ അത് ക്രെയിനിൽ നിന്ന് വേർപ്പെട്ട് മുകളിലുണ്ടായിരുന്ന മുഹമ്മദ് സാഹിദ് ആലത്തിന്റെ മേൽ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ മറ്റ് തൊഴിലാളികൾ ചേർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ക്രെയിൻ ഓപ്പറേറ്റർ ഓടി രക്ഷപ്പെട്ടിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.