
ആലപ്പുഴ: വോട്ടർമാർ ബൂത്തിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, സജ്ജീകരണങ്ങളെല്ലാം കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം. 'ആലപ്പുഴ ആഘോഷിക്കും, ജനാധിപത്യത്തിന്റെ ഉത്സവം' എന്നാണ് ഇത്തവണത്തെ ടാഗ് ലൈൻ. വീട്ടിലെ വോട്ട് സംവിധാനത്തിന് തുടക്കമായതോടെ വോട്ടെടുപ്പ് പ്രക്രിയയുടെ ഉത്തരവാദിത്തത്തിലേക്ക് ഉദ്യോഗസ്ഥർ കടന്നു കഴിഞ്ഞു. സംവിധാനങ്ങൾ സജ്ജമാക്കാനും വിവിധ വകുപ്പുകളെ കോർത്തിണക്കാനും മാസങ്ങൾക്ക് മുമ്പേ മുകൾതട്ടിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ആരംഭിച്ചതോടെ ജീവനക്കാർ സദാ പ്രവർത്തന സജ്ജരാണ്. വോട്ടർമാരെ പോളിങ്ങ് ബൂത്തിലെത്തിക്കാനുള്ള ബോധത്ക്കരണ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും സ്ഥിരമായി പരിശോധിക്കുന്നുണ്ട്. കേന്ദ്രങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇന്നലെയോടെ പരിശീലനം പൂർത്തിയാക്കി. തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം ഉറപ്പാക്കാൻ ശുചിത്വമിഷനും രംഗത്തുണ്ട്.
എല്ലാം നീരീക്ഷണത്തിലാണ്
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമ നിരീക്ഷണം ശക്തമാണ്. ഇതിനായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ഒരു മാസമായി പ്രവർത്തിക്കുന്നുണ്ട്. മാതൃകാ പെരുമാറ്റ ചട്ടം ഉറപ്പുവരുത്തുന്നതിനായി സാധാരണ പരിശോധനയ്ക്ക് പുറമേ ഇൻലാൻഡ് വാട്ടർ ഫ്ലൈയിംഗ് സ്ക്വാഡും ജില്ലയിൽ പ്രവർത്തിക്കുന്നു. കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലെത്തിയാണ് ഇവർ പെരുമാറ്റചട്ടം പരിശോധിച്ച് ഉറപ്പുവരുത്തുന്നത്.
പാട്ടും റീൽസും
വോട്ടിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. വോട്ടിങ്ങ് മെഷീനുകൾ പുതുവോട്ടർമാർക്ക് ഉൾപ്പടെ പരിചയപ്പെടുത്താനായി കോളേജുകളിലും വിവിധ സദ്ദേശ സ്ഥാപനങ്ങളിലും പ്രതിനിധികൾ എത്തുന്നു. കൂടാതെ ചലച്ചിത്ര താരങ്ങൾ ഉൾപ്പടെയുള്ള പ്രമുഖർ സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ജില്ലയിലെ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരകരായ ശ്രീകുമാരൻ തമ്പി, ഹോർമിസ് തരകൻ, നജീബ്, ജോയി സെബാസ്റ്റ്യൻ, എസ്.കൺമണി എന്നിവരുടെ സന്ദേശങ്ങൾ റീൽസ് രൂപത്തിലാക്കിയും പ്രചരിപ്പിക്കുന്നു. ഇത് കൂടാതെ വോട്ട് പാട്ടും ജില്ലാ ഭരണകൂടം രംഗത്തിറക്കിയിരുന്നു. ഇത് കൂടാതെ കളക്ടറേറ്റിന്റെ പ്രധാന കവാടത്തിൽ സമ്മതിദായകർക്ക് ഒപ്പ് രേഖപ്പെടുത്താവുന്ന ക്യാമ്പയിനും നടക്കുന്നു. സിവിൽ സ്റ്റേഷൻ പരിസരത്ത് ഹരിത മാതൃകാ ബൂത്തും ഒരുക്കിയിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
ആലപ്പുഴ
സെന്റ് സോസഫ്സ് : 38 സ്ട്രോങ്ങ് റൂമുകൾ
മാവേലിക്കര
ബിഷപ്പ് മൂർ കോളേജ് : 21 സ്ട്രോങ്ങ് റൂമുകൾ