moorkhan-pamp

മാന്നാർ: കുറ്റിയിൽമുക്ക് മിൽമ റോഡ് കലതയിൽ കലുങ്കിന് തെക്കു വശത്ത് ജനവാസമേഖലയിൽ നിന്നും അഞ്ചരയടിയിലധികം വലിപ്പമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. ബുധനാഴ്ച വൈകിട്ട് സന്ധ്യ കഴിഞ്ഞാണ് തോടിനോട് ചേർന്നുള്ള റോഡരുകിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് രാത്രി എട്ടോടെ സ്നേക്ക് റെസ്‌ക്യൂവെർ ചെങ്ങന്നൂർ പൂമല സ്വദേശി സാം ജോൺ സ്ഥലത്തെത്തി മൂർഖനെ കൂട്ടിലാക്കി. പിടികൂടിയ മൂർഖനെ വനം വകുപ്പിന്റെ റാന്നി റാപ്പിഡ് റെസ്പോൺസ് ടീമിന് കൈമാറുമെന്ന് സാം ജോൺ പറഞ്ഞു. കുറ്റിയിൽമുക്ക് മിൽമ റോഡിന്റെ പരിസരങ്ങളിൽ വിഷപ്പാമ്പുകളുടെയും തെരുവ് നായ്ക്കളുടെയും ശല്യം ഏറെയാണെന്ന് നാട്ടുകാർ പറയുന്നത്. കാൽനടയാത്രക്കാർ ഉൾപ്പെടെ നിരവധിയാളുകൾ സഞ്ചരിക്കുന്ന ഈ റോഡിനു സമീപത്തായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.