ചേർത്തല:വീടിനു മുന്നിൽ എൽ.ഡി.എഫ് ബൂത്ത് സ്ഥാപിക്കുന്നതിന്റെ പേരിലുള്ള തർക്കത്തിൽ വീടു കയറി അക്രമിച്ചതായി പരാതി.സംഭവത്തിൽ ദമ്പതികളുടെ പരാതിയിൽ ബന്ധുവായ യുവാവിനെ പട്ടണക്കാട് പൊലീസ് അറസ്റ്റു ചെയ്തു.പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ പുതിയകാവിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. കുളത്തലവീട്ടിൽ മോഹനനും ഭാര്യ ഉഷയെയും അക്രമിച്ചതായാണ് പരാതി.ഇതേ തുടർന്ന് മോഹനന്റെ സഹോദരിയുടെ മകൻ അർജ്ജുനെയാണ് പട്ടണക്കാട് പൊലീസ് അറസ്റ്റു ചെയ്തത്.സംഭവത്തിൽ സി.പി.എം പ്രവർത്തകനായ സഹോദരി ഭർത്താവ് സന്തോഷിനെതിരെയും കേസെടുത്തിട്ടുണ്ട്.അക്രമത്തിനു പിന്നിൽ രാഷ്ട്രീയ ബന്ധമില്ലെന്നാണ് പട്ടണക്കാട് പൊലീസ് പറയുന്നത്.ബന്ധുക്കളായ ഇവർ തമ്മിൽ നാളുകളായി തർക്കങ്ങൾ നിലനിൽക്കുന്നതാണ് .ഇതിന്റെ തുടർച്ചയാണ് ബുധനാഴ്ചയുണ്ടായ സംഭവമെന്നാണ് വിലയിരുത്തൽ.ഇരുവരും തമ്മിൽ തർക്കമുള്ള സ്ഥലത്ത് സി.പി.എം പ്രവർത്തകനായ സന്തോഷിന്റെ നേതൃത്വത്തിൽ ബുത്തുസ്ഥാപിച്ചതിനെ ചൊല്ലിയായിരുന്നു തർക്കമുണ്ടായത്.എന്നാൽ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തെ രാഷ്ട്രീയമാക്കി സി.പി.എമ്മിനെതിരെ തിരിക്കാനുള്ള പ്രചരണമാണ് ഒരു വിഭാഗം നടത്തുന്നതെന്ന് സി.പി.എം പട്ടണക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പി.സുമേഷ് പറഞ്ഞു.ഇതിനെതിരെ നിയമനടപടി സ്വികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.