ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ പി.ജി.ഡോക്ടർമാർ പണിമുടക്കി.10 ന് ലഭിക്കേണ്ട സ്റ്റൈപന്റ് 19 ആയിട്ടും ലഭിക്കാതിരുന്നതിനെ തുടർന്നായിരുന്നാണ് 234 ഓളം പി.ജി ഡോക്ടർമാർ പണിമുടക്കിയത്. ഇന്നലെ രാവിലെ മുതൽ ഒ.പി, അത്യാഹിതം തുടങ്ങി എല്ലാ വിഭാഗങ്ങളേയും പണിമുടക്ക് ബാധിച്ചു. കോളേജ് പ്രിൻസിപ്പൽ മറിയം വർക്കിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സ്റ്റൈപന്റ് ഉച്ചയ്ക്ക് 12 ഓടെ വിതരണം ചെയ്തു.തുടർന്ന് സമരം പിൻവലിച്ചു. സ്റ്റൈപന്റ് വിതരണം നിരീക്ഷിക്കാൻ കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.പി.ജി.ഡോക്ടർമാരുടെ പ്രതിനിധികളായി ഡോ.ബാജു, ഡോ.അശ്വതി, ഡോ. ജാവേദ് എന്നിവരും പ്രിൻസിപ്പൽ, എച്ച്.എസ് അംഗങ്ങൾ, ഫിനാൻസ് ഓഫീസർ എന്നിവരും കമ്മറ്റിയിൽ ഉണ്ടാകും. സീനിയർ ഡോക്ടർമാർ മാത്രമാണ് ഒ.പി യിൽ പരിശോധനക്കായി ഉണ്ടായിരുന്നത്. എല്ലാ ഒ.പികൾക്കു മുന്നിലും രോഗികളുടെ നീണ്ട നിര ഉണ്ടായിരുന്നു. സ്റ്റൈപന്റ് വിതരണം മുടങ്ങിയത് സോഫ്റ്റ് വെയറിലെ തകരാർ മൂലമാണെന്നാണ് അധികൃതർ പറയുന്നത്. റസിഡന്റ് ഡോക്ടർമാർക്കും ജീവനക്കാർക്കും നേരത്തെ ശമ്പളം ലഭിച്ചിരുന്നു.ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രമാണ് സ്റ്റൈപന്റ് മുടങ്ങിയത്.