അമ്പലപ്പുഴ: തെരുവു മക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തി ഭവൻ സാമ്പത്തിക പ്രതിസന്ധിയിൽ . തെരുവിൽ മനോനില തെറ്റി അലഞ്ഞിരുന്ന 150 ഓളം അന്തേവാസികളാണ് ശാന്തി ഭവനിൽ കഴിയുന്നത്.ഇതിൽ 30 പേർക്ക് മാത്രമാണ് സർക്കാർ ഗ്രാന്റ് ഉള്ളത്.രണ്ടു വർഷമായി അതും ലഭിക്കുന്നില്ല.യു.ഡി.എഫ് ഭരണ കാലത്ത് 60 ഓളം പേർക്ക് ഗ്രാന്റ് ലഭിച്ചിരുന്നെന്നും മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിൻ പറയുന്നു.മുൻ കാലങ്ങളിൽ അന്തേവാസികൾക്ക് സൗജന്യ റേഷൻ ലഭിച്ചിരുന്നു. ഇപ്പോൾ പണം കൊടുത്താണ് റേഷൻ വാങ്ങുന്നത്.സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെ 125 പേർക്ക് റേഷൻ കാർഡിൽ പേരുണ്ടെങ്കിലും യാതൊരു വിധ ആനുകൂല്യവും ലഭിക്കുന്നില്ല.30,000 രൂപ ഒരു ദിവസത്തെ ചെലവിനായി വേണം. വൈദ്യുതി ചാർജ്, വെള്ളം തുടങ്ങിയ ചെലവ് വേറെ.ഡോക്ടർമാരും, നഴ്സുമാരും, പാചകക്കാരും ഉൾപ്പടെ 20 ഓളം ജീവനക്കാർ നിലവിലുണ്ട്.നാനാജാതി മതസ്ഥരുടെ കാരുണ്യം കൊണ്ടു മാത്രമാണ് ദൈനംദിന ചെലവുകൾ നടന്നുവരുന്നത്. പലരും അന്യസംസ്ഥാനക്കാരാണ്. ഇവിടുത്തെ ശുശ്രൂഷയിലൂടെ രോഗം ഭേദമായ നിരവധി പേരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള അവരുടെ ഭവനങ്ങളിൽ എത്തിക്കാനും ശാന്തി ഭവന് കഴിഞ്ഞിട്ടുണ്ടെന്നും മാത്യു ആൽബിൻ പറഞ്ഞു.