
ആലപ്പുഴ: ക്ഷേത്രങ്ങൾ പ്രസരിപ്പിക്കുന്ന ധർമ്മരശ്മികളാണ് സാമൂഹ്യ ജീവിതത്തിൽ ഭദ്രത നിലനിറുത്തുന്നതെന്ന് അഡ്വ.ടി.കെ ശ്രീനാരായണദാസ് പറഞ്ഞു. കരുവാറ്റ തോണിപ്പുരയ്ക്കൽ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാവിന്റെ ചേർച്ചയിലാണ് ജീവിതത്തിന്റെ സത്യവും കാരുണ്യവും സാഹോദര്യവും യാഥാർത്ഥ്യമാവുന്നത്. ജനമനസ്സുകളെ ഇണക്കിച്ചേർക്കുന്ന ക്ഷേത്രങ്ങൾ ഐകൃത്തിന്റെ പെരും കോവിലുകളാണ്. നാടിന്റെ തനിമയും ജനങ്ങളുടെ ഇഴയടുപ്പുമാണ് ഉത്സവങ്ങളിൽ തുടിച്ചു നില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം എസ്.അനിത അദ്ധ്യക്ഷത വഹിച്ചു. കരുവാറ്റ ജയപ്രകാശ്,അഖിൽ രാജ്,മേൽശാന്തി ബാലചന്ദ്രൻ ശാന്തി,ജി.ശശികുമാർ തുടങ്ങിയവർ സംബന്ധിച്ചു.