ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് താറാവ് കർഷർക്ക് വൻ തിരിച്ചടിയായി. ചെറുതന, എടത്വ പഞ്ചായത്തുകളിലായി കാൽലക്ഷത്തോളം താറവുകൾക്കാണ് പക്ഷിപ്പനി ബാധിച്ചത്. ഇതിനെ തുടർന്ന് അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ ചില പഞ്ചായത്തുകളിലും ആലപ്പുഴ,ചങ്ങനാശ്ശേരി നഗര സഭാപരിധിയിലും മുട്ട, ഇറച്ചി എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു. താറാവുകളെയാണ് പക്ഷിപ്പനി ബാധിച്ചതെങ്കിലും ഇറച്ചിക്കോഴി വിപണിയിലും ഇടിവുണ്ടായി. പതിവായി താറാവ്, കോഴിയിറച്ചി വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ജില്ലയിൽ ആയിരത്തോളം ഫാമുകളും 2500 കോഴിയിറച്ചി വിൽപ്പന സ്റ്റാളുകളുമാണുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള കോഴികളാണ് അധികവും വിൽക്കുന്നത്.
ഇറച്ചി, മുട്ട വിൽപ്പനയിൽ ഇടിവ്
1. ആലപ്പുഴ നഗരത്തിൽ മാത്രം 50,000 കിലോഗ്രാം ചിക്കനാണ് ദിവസേന വിൽക്കുന്നത്. ലൈവ് കോഴിക്ക് കിലോ 180 രൂപയായിരുന്നത് ഇന്നലെ 140 ആയി. 400 രൂപയുടെ താറാവിന് 300ൽ താഴെയായി. മീറ്റ് 240രൂപയിൽ നിന്ന് 190ലേക്ക് ഇടിഞ്ഞു. ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം ഇറച്ചി വില 100രൂപയിൽ താഴെയാകും.
2. പക്ഷിപ്പനിയെത്തുടർന്ന് 15,000ത്തോളം കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗമാണ് താളം തെറ്റിയത്. ഇറച്ചി വില്പനയിൽ 60 ശതമാനം വരെ കുറവുണ്ടായി. കോഴി-താറാവ് ഇറച്ചി, മുട്ട എന്നിവയുടെ താത്കാലിക വിൽപ്പന നിരോധനം ഹോട്ടൽ വ്യവസായത്തെയും ബാധിച്ചു. കോഴി ഫാം ഉടമകളും പ്രതിസന്ധിയിലാണ്
കോഴി,താറാവ് കിലോയ്ക്ക്
(നിരോധനത്തിന് മുമ്പ്, ഇന്നലെ)
ഇറച്ചിക്കോഴി : ₹180-140
കോഴി ഇറച്ചി : ₹ 240-190
താറാവ് ഒന്നിന് : ₹ 400-300
തമിഴ്നാട്ടിൽ നിന്നുള്ള താറാവ്, ഇറച്ചിക്കോഴി വാങ്ങാൻ ആളില്ല. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന നിരോധനം പിൻവലിക്കണം. നിലവിലെ സ്ഥിതി തുടർന്നാൽ കോഴിവില വൻ തകർച്ചയിലേക്ക് പോകും
-കെ.എം.നസീർ,
കോഴിവ്യാപാരി, ആലപ്പുഴ