
മുഹമ്മ: രണ്ടായിരത്തിനുമേൽ കുരുന്നുകൾക്ക് അക്ഷര ജ്വാല പകർന്നു നൽകിയ ശ്രീ സരസ്വതി ബാല വിദ്യാലയത്തിനും അമ്മിണി ജനാർദ്ദനന്റ ആശാട്ടി ജീവിതത്തിനും നാലര പതിറ്റാണ്ടിന്റെ നിലാവെട്ടം.ആശാട്ടിയമ്മ അന്ന് വിരൽ പിടിച്ച് മണലിൽ അക്ഷരം എഴുതിപ്പഠിപ്പിച്ച പലരും ഇന്ന് ജീവിതത്തിന്റെ ഉയരങ്ങളിലെത്തി.
നാല്പത്തിയേഴു വർഷങ്ങൾക്ക് മുമ്പാണ് മണ്ണഞ്ചേരി ഷൺമുഖം ക്ഷേത്രത്തിനു സമീപമുള്ള വടക്കേ തറ ജനാർദ്ദനനിറെ ഭാര്യയായി കരുവാറ്റയിൽ നിന്ന് അമ്മിണി എത്തുന്നത്.അന്നു തുടങ്ങിയതാണ് ഈ ബാലവിദ്യാലയവും അമ്മിണി ജനാർദ്ദനന്റെ ആശാട്ടി ജീവിതവും .അത് ഇന്നും തുടരുന്നു.കൈയക്ഷരം നന്നാകാനും അക്ഷരം മനസ്സിൽ തറവാകാനും ഈ രീതി നല്ലതാണെന്നാണ് ആശാട്ടിഅമ്മയ്ക്ക് ഇന്നും അഭിപ്രായം. മലയാളം കൂടാതെ ഹിന്ദി, ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും തറവായി പഠിപ്പിക്കാൻ രക്ഷിതാക്കൾ കുട്ടികളെ ആശാട്ടി അമ്മയെയാണ് ഏൽപ്പിക്കുന്നത്. ഒന്നാം ക്ലാസുമുതൽ ഏഴാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും ആശാട്ടിയമ്മ ക്ളാസ് എടുക്കും. ഇപ്പോൾ സഹായത്തിനായി ബിരുദധാരിയായ ആതിര എസ്.വാര്യറും അദ്ധ്യാപികയായുണ്ട്. അമ്മിണി ആശാട്ടിയമ്മ പ്രീ ഡിഗ്രി കഴിഞ്ഞ് മൂന്നു വർഷത്തെ ഹിന്ദി സാഹിത്യാചാര്യ പാസായിട്ടുണ്ട് .അതുകൊണ്ട് ഹിന്ദി ക്ളാസുകൾ നന്നായി കൈകാര്യം ചെയ്യും.കേരള നിലത്തെഴുത്താശാൻ സംഘടയിൽ അംഗമാണ്.അതോടൊപ്പം പഞ്ചായത്തിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നും അക്ഷരം പഠിപ്പിക്കാൻ അഞ്ചു കിലോമീറ്റർ അകലെ നിന്നുപോലും കുട്ടികളുമായി രക്ഷിതാക്കൾ ആശാട്ടിയമ്മയെ തേടിയെത്തുന്നു. എല്ലാ മഹാ നവമിയിലും വിദേശത്തും നാട്ടിലുമുള്ള പൂർവ വിദ്യാർത്ഥികൾ ചേർന്ന് ഇവിടെ ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്.അവർ ആശാട്ടിയമ്മയ്ക്ക് സ്നേഹവും പാരിതോഷികളും നൽകിയാണ് പിരിയാറ്. ബിനിയും സുമേഷുമാണ് ആശാട്ടിയമ്മയുടെ മക്കൾ.