ആലപ്പുഴ: ജില്ലയിൽ കായൽ സമ്പത്തിനെ നശിപ്പിച്ച് ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ മത്സ്യസംസ്‌കരണ ശാലകളിൽ നിന്ന് മലിനജലം ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് വ്യാപകമാകുന്നു. ഇത് വേമ്പനാട്ടുകായലിൽ മത്സ്യങ്ങളുടെ പ്രജനനവും ആവാസ വ്യവസ്ഥയും താളംതെറ്റുന്നതായി വിദഗ്ദ്ധർ വ്യക്തമാക്കുന്നു.മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശാനുസരണം ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാൻ ഫാക്ടറി ഉടമകൾ തയ്യാറാകാത്തത് കായൽ മലിനീകരണത്തിന് ഇടയാക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ തയ്യാറാവുന്നില്ല. ചെറുതും വലുതുമായ 12,000ൽ അധികം ഫാക്ടറികൾക്കാണ് ജില്ലയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ് നൽകിയിട്ടുള്ളത്. ഇതിന്റെ ഇരട്ടിയിലധികം സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നുണ്ട്. 90 ശതമാനം പീലിംഗ് ഷെഡുകൾക്കും മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ലൈസൻസില്ല. ചന്തിരൂർ, എരമല്ലൂർ, അരൂർ, എഴുപുന്ന ഭാഗങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലെയും മത്സ്യസംസ്‌കരണ ശാലകളിലേയും ഖര, ദ്രാവക, മാലിന്യങ്ങൾ വേമ്പനാട്ടുകായലിലേക്കാണ് തള്ളുന്നത്. ഇവിടങ്ങളിലെ രാസവസ്തുക്കൾ നിക്ഷേപിക്കുന്നതും കായലിൽത്തന്നെ. ഇത് പ്രദേശത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ചെമ്മീൻതോട് പുഴകളിലേക്ക് തള്ളുന്നതിനാൽ ജലത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും പതിവായി. ഇതോടെ മത്സ്യത്തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ റിപ്പോർട്ട് വ്യവസായികളെ സംരക്ഷിക്കുന്ന തരത്തിലാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ചേർത്തല താലൂക്കിലെ വടക്കൻ മേഖലയിലാണ് മലിനീകരണം രൂക്ഷം.

.......

മലിനജലം ഒഴുക്കുന്നത് കായലിലേക്ക്

 ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിച്ച് ലൈസൻസ് സ്വന്തമാക്കിയവർ പ്ലാന്റുകൾ പ്രവർത്തിപ്പിക്കാറില്ല.

 മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നേടാൻ വേണ്ടി മാത്രം.

 പ്രവർത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ചെലവ് ഒഴിവാക്കാൻ അടച്ചിടുന്നത്.

......

''മത്സ്യസംസ്‌കരണ ഫാക്ടറികളിൽ നിന്നുൾപ്പടെയുള്ള മലിനജലം തള്ളുന്നത് തടയാൻ അടിയന്തരമായി മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിക്കണം.

മധു, പൊതുപ്രവർത്തകൻ