
മാന്നാർ: കുട്ടംപേരൂർ ശ്രീ ശുഭാനന്ദാനന്ദാലയം ശ്രീ ശുഭാനന്ദാശ്രമത്തിൽ പത്തുനാളായി നടന്നു വന്ന ശുഭാനന്ദ ഗുരുദേവന്റെ 142-ാം പൂരം ജന്മനക്ഷത്ര മഹാമഹം സമാപിച്ചു. സമാപന ദിവസമായ ഇന്നലെ ശുഭാനന്ദ ഗുരുദേവന്റെ അലങ്കരിച്ച ഛായാചിത്രം ദേവരഥത്തിൽ എഴുന്നള്ളിച്ചുള്ള ഘോഷയാത്ര, ആലുംമൂട് ശിവപാർവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് സ്റ്റോർ ജംഗ്‌ഷൻ, നന്ത്യാട്ട് ജംഗ്‌ഷൻ വഴി മുട്ടേൽ ഗുരുമന്ദിരം പ്രദക്ഷിണം ചെയ്ത് ആശ്രമാങ്കണത്തിൽ എത്തിച്ചേർന്ന് നേർച്ച വഴിപാട് സ്വീകരിച്ചു. തുടർന്ന് അന്നദാനം, വസ്ത്രദാനം എന്നിവ നടന്നു. വൈകിട്ട് നടന്ന പൂരം ജന്മ നക്ഷത്ര മഹാസമ്മേളനം പി.എം.എ സലാം മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. ദ്വാരകശ്രമ മഠാധിപതി സ്വാമി സത്യാനന്ദജി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആശ്രമ മഠാധിപതി ശ്രീശുഭാനന്ദശക്തി ഗുരുദേവൻ അനുഗ്രഹ പ്രഭാഷണം നടത്തി. ട്രഷറർ ബിനു ശിവരാമൻ, കെ.വി, ശശി, സാബു സേനൻ, യൂത്ത്മൂവ്മെന്റ് അംഗങ്ങൾ, വനിതാസംഘങ്ങൾ, വിവിധ ശാഖാ ആശ്രമങ്ങൾ എന്നിവർ പങഅകെടുത്തു. ഇന്ന് രാവിലെ 6.30 ന് കൊടിയിറക്ക് കർമ്മം നടക്കും.