bbb

ഹരിപ്പാട്: മുതുകുളത്ത് കൊപ്രാപ്പുരയ്ക്ക് തീപിടിച്ചു. മുതുകുളം വടക്ക് ചേപ്പാട് കന്നിമേൽ ചെമ്പ്രാളിൽ ശിവൻ ചെട്ടിയാരുടെ കൊപ്രാപ്പുരയ്ക്കാണ് തീപിടിച്ചത്. ഇന്നലെ രാവിലെ അഞ്ചോടെ വീടിനോട് ചേർന്നുളള ചേരിയിലെ നാളീകേരത്തിന് പുകയിട്ട ശേഷം ശിവൻ ചെട്ടിയാർ അടുത്തുളള കുടുംബക്ഷേത്രത്തിലേക്ക് പോയി. പിന്നീട്, അഞ്ചരയോടെ ഭാര്യയാണ് തീയും പുകയും ഉയരുന്നത് കണ്ടത്. വീട്ടുകാരും ഓടിയെത്തിയ സമീപവാസികളും ചേർന്ന് തീ അണക്കാൻ ശ്രമിച്ചു. തുടർന്ന്, കായംകുളത്ത് നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് പൂർണമായും അണച്ചത്. കാറ്റടിച്ച് തീ ആളിപ്പടർന്നതാണ് തീപിടുത്തത്തിന് കാരണം. കൊപ്രാപുരയും 4200 നാളീകേരവും കത്തി നശിച്ചു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ശിവൻ പറയുന്നത്.40 വർഷമായി കൊപ്രാ വ്യവസായവും വെളിച്ചെണ്ണ വ്യാപാരവും നടത്തി വരുന്നയാളാണ് ശിവൻ ചെട്ടിയാർ.