
ആലപ്പുഴ: പരസ്യപ്രചാരണം അവസാനിക്കാൻ മൂന്ന് നാൾ ബാക്കി നിൽക്കെ വോട്ടുറപ്പിക്കാൻ നാടാകെ സ്ഥാനാർത്ഥികളുടെയും പാർട്ടി പ്രവർത്തകരുടെയും നെട്ടോട്ടം.
ഒന്നരമാസം നീണ്ട പരസ്യ പ്രചരണം 24ന് കലാശകൊട്ടോടെ സമാപിക്കാനിരിക്കെ ജില്ല തീപാറും പോരാട്ടത്തിന്റെ വേദിയായി. ഇന്ത്യാമുന്നണിയുടെ അമരക്കാരിലൊരാളായ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെയും ബി.ജെ.പി ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്റെയും പോരാട്ടത്തിലൂടെ ആലപ്പുഴ ദേശീയ ശ്രദ്ധയാകർഷിക്കുമ്പോൾ ഇഞ്ചോടിഞ്ച് മുന്നേറി പ്രവചനം പോലും അസാദ്ധ്യമാക്കുംവിധമാണ് മാവേലിക്കരയിലെ മത്സരം.പ്രചാരണം അവസാന നാളുകളിലേയ്ക്ക് നീങ്ങുമ്പോൾ സ്ഥാനാർത്ഥികൾ അവസാനറൗണ്ട് ഓട്ടപ്രദക്ഷിണത്തിലാണ്. വോട്ടെടുപ്പിന് മുമ്പുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ പരമാവധി ആളുകളെ നേരിൽകണ്ട് വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മുന്നണികൾ. മേടച്ചൂടും വേനൽ മഴയും അവഗണിച്ച് ഒന്നരമാസമായി തീപാറുന്ന പ്രവർത്തനമാണ് മൂന്ന് മുന്നണികളും കാഴ്ചവച്ചത്. സ്ഥാനാർത്ഥികളുടെ മണ്ഡലതല സ്വീകരണ പരിപാടികൾ മൂന്ന് റൗണ്ട് പൂർത്തിയായി. നാലാംഘട്ട സ്വീകരണ പരിപാടികളാണ് ഇപ്പോൾ നടക്കുന്നത്. പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനൊപ്പം സമൂഹമാദ്ധ്യമങ്ങൾ വഴിയും ഫോണിലൂടെയുമുള്ള വോട്ടഭ്യർത്ഥനകളും സജീവമാണ്.
യു.ഡി.എഫ്
ആലപ്പുഴയിൽ കെ.സി.വേണുഗോപാലിന്റെയും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിന്റെയും നാലാം റൗണ്ട് സ്വീകരണ പര്യടനം 23ന് സമാപിക്കും. ആലപ്പുഴയിൽ ഇന്നും നാളെയുമായി മണ്ഡലത്തിലെ 13333 ബൂത്തുകളിലും രണ്ട് മുതൽ നാല് ഗ്രൂപ്പുകളായി പ്രവർത്തകർ സ്ളിപ്പ് വിതരണവും വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തലും നടത്തും. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയും പ്രകടന പത്രികയുമുൾപ്പെടെ വീടുകളിലെത്തിക്കുന്നതിനൊപ്പം ആടിയും ഉലഞ്ഞും നിൽക്കുന്ന വോട്ടുകൾ കൂടി അനുകൂലമാക്കാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫ് പയറ്റുന്നത്.
എൽ.ഡി.എഫ്
ബൂത്തടിസ്ഥാനത്തിൽ ചിട്ടയായ പ്രവർത്തനവുമായി മുന്നേറി തുടക്കം മുതലുള്ള പ്രചരണത്തിലെ മേൽക്കെ നിലനിർത്താനുള്ള പരിശ്രമത്തിലാണ് എൽ.ഡി.എഫ്. വനിതകളുടെ സ്ക്വാഡ് പ്രവർത്തനത്തിലാണ് ഇടതുമുന്നണി മുൻതൂക്കം നൽകുന്നത്. കുടുംബ യോഗങ്ങളും പുരോഗമിച്ചുവരികയാണ്. വരും ദിവസങ്ങളിൽ എല്ലാ മേഖലകളിലും ബൂത്തടിസ്ഥാനത്തിൽ റാലികൾ നടക്കും. സ്ളിപ്പ് വിതരണവും വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തലും 24,25തീയതികളിൽ നടക്കും. മന്ത്രിമാരുടെയും നേതാക്കളുടെയും പ്രചരണ യോഗങ്ങൾ ഇന്നും നാളെയും ഇരുമണ്ഡലത്തിലും നടക്കും.
നാല് റൗണ്ട് പൂർത്തീകരിച്ച ആലപ്പുഴയിൽ എ.എം.ആരിഫിന്റെ സ്വീകരണ പര്യടനം ഇന്ന് അമ്പലപ്പുഴയിൽ സമാപിക്കും. മൂന്ന് റൗണ്ട് പൂർത്തീകരിച്ച മാവേലിക്കര മണ്ഡലത്തിൽ സി.എ.അരുൺകുമാറിന്റെ സ്വീകരണ പര്യടനം ഇന്ന് ചങ്ങനാശ്ശേരിൽ സമാപിക്കും. നാളെ ചെങ്ങന്നൂരിൽ റാലിയിൽ പങ്കെടുക്കും.
എൻ.ഡി.എ
ആലപ്പുഴയിൽ ശോഭസുരേന്ദ്രനും മാവേലിക്കരയിൽ ബൈജുകലാശാലയും അട്ടിമറി വിജയത്തിനുള്ള പോരാട്ടത്തിലാണ്. മുഴുവൻ ബൂത്തുകളിലും മഹാസമ്പർക്ക പ്രചരണമാണ് ബി.ജെ.പി, സംഘപരിവാർ ലക്ഷ്യമിട്ടിരിക്കുന്നത്. നാലും അഞ്ചും പേരടങ്ങുന്ന പ്രവർത്തകരുടെ സംഘം വീടുകൾ സന്ദർശിക്കുന്നു. വോട്ടിംഗ് യന്ത്രമായ ഇ.വി.എം പരിചയപ്പെടുത്താനായി മറ്റൊരു സംഘവും ഒപ്പമുണ്ട്. 25വരെ ഭവനസന്ദർശനം തുടരും. മൂന്ന് റൗണ്ട് മണ്ഡല പര്യടനം പൂർത്തിയാക്കിയ ശോഭാസുരേന്ദ്രന്റെ സ്വീകരണ പരിപാടി ഇന്ന് സമാപിക്കും. പ്രകടന പത്രികയുടെ പ്രകാശനവും ഇന്ന് നടക്കും. തീരദേശത്തുൾപ്പെടെ മണ്ഡലമുടനീളമുള്ള പ്രചരണമാണ് ബി.ജെ.പി ആലപ്പുഴയിൽ വരും ദിവസങ്ങളിൽ ലക്ഷ്യമിട്ടിരിക്കുന്നത്. മാവേലിക്കര മണ്ഡലത്തിൽ 24ന് തകഴി, കുട്ടനാട് മണ്ഡലങ്ങളിൽ നടക്കുന്ന സ്വീകരണ പര്യടനം സമാപിക്കും.