deva

 7 വർഷം, അറുന്നൂറിലേറെ വേദികൾ

 അയോദ്ധ്യയിലേക്കും അവസരം

ആലപ്പുഴ: ഭജനകൾ പാടി സ്വന്തമായി നല്ലവരുമാനം കണ്ടെത്തുകയാണ് ആലപ്പുഴ സ്വദേശികളായ എൻജിനിയറിംഗ് വിദ്യാർത്ഥിനികൾ. അഞ്ചംഗ ഭജന സംഘം. ഇവരുടെ ഹരിപ്പാട് ദേവസേന ഭജൻസ്​ ട്രൂപ്പ് കേരളത്തിലും പുറത്തും തരംഗമാണ്.

ഏഴ് വർഷം കൊണ്ട് അറുന്നൂറിലേറെ വേദികൾ. ഉത്സവം, വിവാഹം, പാലുകാച്ചൽ ചടങ്ങുകളിലേക്കും ബുക്കിംഗുണ്ട്. ഉത്സവസീസണിൽ 60,000 രൂപ വരെ ഒരോരുത്തരും നേടുന്നു. അടുത്ത വർഷം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാനും അവസരം വന്നിട്ടുണ്ട്.

മണ്ണാറശാലയിലെ ശ്രീപാർവതി തിരുവാതിര കളരിയിലെ ശാന്തമ്മാൾ ടീച്ചറിന്റെ ശിഷ്യരാണിവർ. അഭിരാമി, നക്ഷത്ര, നന്ദന, ശ്രീകാർത്തിക, ഹയ.നക്ഷത്ര ഒഴികെയുള്ളവർ ഉന്നത പഠനത്തിന് പോയപ്പോൾ പകരക്കാരായി ദേവിക വാസുദേവൻ, അലോക കൈമൾ, സ്വാതി പ്രണവം, എ. സൂര്യ എന്നിവർ എത്തി.

നൃത്തത്തിനൊപ്പം പാട്ടിലും കഴിവുണ്ടെന്ന് മനസിലാക്കിയ രക്ഷിതാക്കളാണ് 2017ൽ പെൺകുട്ടികളുടെ ഭജന ട്രൂപ്പിന് മുൻകൈ എടുത്തത്. അഭിരാമിയുടെ അമ്മ ജയലക്ഷ്മിയുടെ ആശയം.'ദേവസേന' എന്ന പേരിട്ടത് നക്ഷത്രയുടെ അമ്മ തുഷാര. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അവസരം ചോദിച്ചു വാങ്ങി. അതാണ് തുടക്കം. അന്ന് ഓർക്കസ്ട്രയിൽ ഗിറ്റാറും മൃദംഗവും മാത്രം. ആദ്യപരിപാടിയോടെ ബുക്കിംഗുകൾ വന്നു. ഒരാൾ പാടും. മറ്റുള്ളവർ കോറസ്. ആദ്യ മൂന്നു വർഷം അങ്ങനെ. പിന്നീട് അഞ്ച് പേരും പാടാൻ തുടങ്ങി.

രണ്ട് മണിക്കൂറാണ് ഭജൻ. പഴയതും പുതിയതുമായ ഭക്തിഗാനങ്ങൾ, ഭക്തിഗാനങ്ങൾ കോർത്തിണക്കിയ ഫ്യൂഷൻ, ചലച്ചിത്ര ഭക്തി ഗാനങ്ങൾ എന്നിവ ആലപിക്കും. ഒരിക്കൽ പണം നൽകാതെ സ്പോൺസർ പറ്റിച്ചതോടെ അഡ്വാൻസ് അയ്യായിരം രൂപ വാങ്ങിയാണ് ബുക്കിംഗ്. അനിൽകുമാർ ചേരാവള്ളി, വിജയൻ ഹരിപ്പാട്, രാകേഷ് കൊട്ടാരം, മനീഷ് എന്നിവരാണ് ഓർക്കസ്ട്ര.

വീട്ടുകാർക്കും

കൈത്താങ്ങ്

കേരളത്തിൽ മിക്ക ജില്ലകളിലും, മഹാരാഷ്ട്രയിലും, കർണാടകത്തിലും വേദികൾ ലഭിച്ചു. സീസണിൽ തിരക്കോട് തിരക്ക്. ഒരു ദിവസം മൂന്ന് വേദികളിൽ വരെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വരുമാനവും വർദ്ധിച്ചു. നക്ഷത്ര ബി.ടെക് ഫീസിന്റെ ഭൂരിഭാഗവും സ്വന്തം വരുമാനത്തിൽ നിന്നാണ് അടയ്ക്കുന്നത്. സൂര്യ വീടുപണിക്ക് നല്ലൊരു തുക നൽകി അച്ഛനെ സഹായിച്ചു. സ്വാതിക്ക് അച്ഛന്റെ രോഗാവസ്ഥയിൽ കൈത്താങ്ങായതും ഈ വരുമാനം. അലോക നാല് വർഷമായി പഠനച്ചെലവിന് വീട്ടുകാരെ ആശ്രയിച്ചിട്ടില്ല. രക്ഷിതാക്കളായ ജ്യോതിയും തുഷാരയുമാണ് ട്രൂപ്പിനെ നയിക്കുന്നത്.