ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വൈകിട്ട് ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലാണ് രാഹുൽ പങ്കെടുക്കുന്നത്. പൊലീസ് റിക്രിയേഷൻ മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഹുൽ വൈകിട്ട് അഞ്ചിന് പൊതുസമ്മേളന വേദിയിലേക്കെത്തും. ബീച്ചിൽ പൊലീസിന്റെ സുരക്ഷാ പരിശോധനയുടെ ഭാഗമായി , വേദിയ്ക്കരികിലുള്ള കച്ചവടക്കാരെ ഒരു ഭാഗത്തേക്ക് മാറ്റി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ബീച്ചിലും പരിസരത്തും പരിശോധന നടത്തി. വേദിയും പരിസരവും ബാരിക്കേഡ് ഉപയോഗിച്ച് ബന്തവസ് ചെയ്യുന്ന ജോലികളും പുരോഗമിച്ചുവരികയാണ്.
കെ.സി വേണുഗോപാലിനൊപ്പം മാവേലിക്കര യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷും രാഹുലിനൊപ്പം പരിപാടിയിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസ്സൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ്, പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എ.ഷുക്കൂർ, ചെയർമാൻ എ.എം.നസീർ, ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ , കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ എം.ലിജു, ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി യുടെയും യു.ഡി.എഫിന്റെയും സംസ്ഥാന-ജില്ലാ നേതാക്കളും പങ്കെടുക്കും.