
കായംകുളം:മഴപെയ്താൽ കായലായി കായംകുളം നഗരം. ഈ ദുരഅവസ്ഥയ്ക്ക് അധികൃതർ കണ്ണ് തുറക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ദേശീയ പാതയ്ക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളാണ് ചെറു ചാറ്റലിലും കായലായി മാറുന്നത്. പണി പൂർത്തിയായി വരുന്ന തിയേറ്റർ സമുച്ചയം,കായംകുളം ബോട്ട് ജെട്ടി,എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ഓഫീസ് എന്നിവയും നിരവധി വീടുകളും ഇവിടെ ദുരിതത്തിലാകും.വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യമില്ലാത്തതാണ് മഴക്കാലത്ത് നഗരം വെള്ളക്കെട്ടിലാകുന്നതിനുള്ള കാരണം. കെ.എസ്.ആർ.ടി.സിയുടെ പടിഞ്ഞാറു ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷം. ചെറിയ മഴ പെയ്താൽ പോലും ഈ പ്രദേശം വെള്ളക്കെട്ടിലാകും. കഴിഞ്ഞ ഒരു വർഷത്തിന് മുകളിലായി നാട്ടുകാർ ദുരിതം അനുഭവിക്കുന്നു. ഇവിടെ നിന്നും വെള്ളം ഒഴുകി പോകുന്നതിന് യാതൊരു പരിഹാരവും കാണാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. നിലവിൽ വെള്ളക്കെട്ടായതിനാൽ ബോട്ട് ജെട്ടി റോഡിലേക്ക് ഇറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ.വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണാൻ യാതൊരു നടപടിയും സ്വീകരിക്കാൻ നഗരസഭാധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ മഴക്കാലത്തും പ്രദേശം വെള്ളക്കെട്ടിലായിരുന്നു. ഇവിടെ നിന്ന് വെള്ളം കരിപ്പുഴത്തോട്ടിലേക്കോ കായലിലേക്കോ ഒഴുക്കിവിടാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. ഇക്കാര്യത്തിൽ നഗരസഭാധികൃതർ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
........
# ജനകീയ പ്രതിഷേധം
''വേനൽ മഴയിൽ വെള്ളപ്പൊക്കം അനുഭവിക്കേണ്ടി വരുന്നവർ മഴക്കാലത്തും വലിയ ദുരിതമാണ് അനുഭവിക്കേണ്ടത്. ഇതിന് ശാശ്വതപരിഹാരം കണ്ടില്ലെങ്കിൽ നഗരസഭയിലേക്ക് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.
ഒ.ഹാരിസ്,സോഷ്യൽ ഫോറം പ്രസിഡന്റ്