divakar-uppala

മാന്നാർ: കാസർകോടിന്റെ മണ്ണിൽ നിന്ന് ആറു ഭാഷകളിൽ കമന്ററി പറഞ്ഞ് അത്ഭുതം സൃഷ്ടിക്കുന്ന ദിവാകർ ഉപ്പള വെങ്കലനാടിന് വിസ്മയമായി. മാന്നാർ പാവുക്കര യുവധാര ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിന്റെ 29-ാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന അഖിലേന്ത്യാ പ്രൊ കബഡി ടൂർണ്ണമെന്റിലാണ് ആറുഭാഷയും അണമുറിയാത്ത ശബ്ദഭംഗിയുമായി ദിവാകർ ഉപ്പള എന്ന നാല്പത്തിയേഴുകാരൻ അത്ഭുതം തീർത്തത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, മറാഠി, തുളു എന്നീ ഭാഷകളിൽ കമന്ററി പറഞ്ഞാണ് കായിക പ്രേമികളെ അദ്ദേഹം കോരിത്തരിപ്പിച്ചത്. കാസർകോട് ഉപ്പള, മംഗൽപാടി പരേതനായ കൃഷ്ണ ചെട്ടിയാരുടെയും കാർത്യായനിയുടെയും ആറുമക്കളിൽ ഇളയവനായ ദിവാകർ 1995 മുതൽ കമന്ററി രംഗത്ത് സജീവമാണ്. 20 വർഷമായി കേബിൾ ടി.വി ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു.

സ്കൂൾകാലത്ത് നാടകങ്ങളിൽ അഭിനയിച്ചതൊഴിച്ചാൽ മറ്റ് കലാ പാരമ്പര്യങ്ങളൊന്നും ഇല്ലാത്ത ദിവാകർ പത്താം ക്‌ളാസ് കഴിഞ്ഞ് രണ്ടുവർഷം സഹോദരങ്ങളോടൊപ്പം മുംബയിലായിരുന്നപ്പോൾ വശത്താക്കിയ ഹിന്ദിയിലായിരുന്നു തുടക്കം. കാസർകോടുകാരനായതിനാൽ കന്നഡയും തുളുവും ഏറെ എളുപ്പമായി. കേരളത്തിലെ പ്രധാന ക്രിക്കറ്റ്‌, കബഡി, വടം വലി മത്സരങ്ങളിലും ദിവാകർ തന്റെ ശബ്ദസാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.സർക്കാരിന്റെ പോളിയോ പോലുള്ള ആരോഗ്യപരമായ അറിയിപ്പുകൾക്കും ശബ്‌ദം നൽകിയിട്ടുണ്ട്.

വിദേശത്തും ആരാധകർ

ഓൾ ഇന്ത്യ കബഡി ടൂർണ്ണമെന്റിന് വേണ്ടി 2019ൽ ദുബായിലും 2023ൽ ഖത്തറിലും കമന്ററിയിലൂടെ ആവേശം പകരാൻ ദിവാകറിന് കഴിഞ്ഞു. അതിനാൽ വിദേശത്തും ദിവാകറിന് ആരാധകർ ഏറെയാണ്. വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനാൽ തിരഞ്ഞെടുപ്പ് കാലത്ത് ദിവാകറിന് തിരക്കേറും. തെക്കൻ കേരളത്തിൽ ഇടയ്ക്കിടെ എത്താറുണ്ടെങ്കിലും ആലപ്പുഴ ജില്ലയിൽ ആദ്യമാണെന്നും കുട്ടനാടിന്റെ പ്രകൃതി ഭംഗി മനസിന്‌ ഏറെ സന്തോഷം നൽകിയെന്നും ദിവാകർ ഉപ്പള പറഞ്ഞു. ഭാര്യ: ജയ. പ്ലസ്‌ടു വിദ്യാർത്ഥിനി കാർത്തിക മകളും ഒന്നാം ക്‌ളാസ് വിദ്യാർത്ഥി കാശിനാഥ് മകനുമാണ്.