njayar-pallikkootam

മാന്നാർ: പതിവായി പ്രാർത്ഥിക്കുന്ന ശീലമില്ലെങ്കിലും പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞത് പ്രാർത്ഥനയും ഗുരുക്കന്മാരുടെ അനുഗ്രഹവുമായിരുന്നുവെന്ന് സിവിൽ സർവീസ് റാങ്ക് ജേതാവ് പാർവതി ഗോപകുമാർ പറഞ്ഞു. മലങ്കര ഓർത്തഡോക്സ്‌ സഭയുട തിരുവനന്തപുരം മാതാ മറിയം ആശ്രമത്തിന്റെ 'ഞായർ പള്ളിക്കൂടം' പ്രതിവാര ഓൺലൈൻ വീഡിയോ പരമ്പരയുടെ ഇരുന്നൂറാം എപ്പിസോഡ് ആഘോഷത്തിന്റെ ഭാഗമായി, പരുമല പള്ളിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാർവ്വതി. പരീക്ഷ എഴുതുന്നതിൽ വേഗത വളരെ കുറവായിരുന്നത് മനസിനെ വല്ലാതെ വിഷമിപ്പിച്ചപ്പോൾ പരീക്ഷ ഹാളിലേക്ക് പോകുന്നവഴിയിലെ പള്ളിയിൽ എഴുതി കാണപ്പെട്ട 'ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്' എന്ന ബൈബിൾ വാക്യമാണ് , തനിക്ക് ആത്മധൈര്യം പകർന്നതെന്നും സ്‌കൂൾ പഠനകാലത്ത് അപകടത്തിൽ വലതു കൈ നഷ്ടപെട്ട പാർവ്വതി പറഞ്ഞു. ഇരുന്നൂറാം എപ്പിസോഡ് ആഘോഷങ്ങൾ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് ഉത്‌ഘാടനം ചെയ്യുകയും പാർവ്വതിക്ക് സ്വർണ്ണ നാണയം സമ്മാനിക്കുകയും ചെയ്തു. സെൻട്രൽ കസ്റ്റംസ് ഡയറക്‌ടർ ജനറൽ ഡോ.ബിജു ജേക്കബ്, ഞായർപള്ളിക്കൂടം സംവിധായകനും അവതാരകനുമായ ഡോ.സന്തോഷ് ജി.തോമസ്, ഓർത്തഡോക്സ്‌ സഭ ഓൺലൈൻ ഗ്ലോബൽ സൺഡേസ്കൂൾ കോ-ഓർഡിനേറ്റർ ഷെറി ജേക്കബ് കുര്യൻ, സെമിനാരി മാനേജർ കെ.വി പോൾ റമ്പാൻ, മാതാ മറിയം ആശ്രമം മാനേജർ ഫാ.എബ്രഹാം തോമസ് എന്നിവർ സംസാരിച്ചു. ഞായർ പള്ളിക്കൂടം നടത്തിയ ചലഞ്ചിലെ സമ്മാനങ്ങളും പ്രവർത്തകർക്കുള്ള മൊമന്റോകളും ചടങ്ങിൽ വിതരണം ചെയ്തു. മെഗാ ചലഞ്ചിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സാവിയോ ടോം മജുവിന് സ്വർണ നാണയവും സമ്മാനിച്ചു.