ഹരിപ്പാട്: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങളിലെ താറാവ് കർഷകർക്കുള്ള നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല എം.എൽ.എ മൃഗ സംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് കത്ത് നൽകി. ജില്ലയിലെ ചമ്പക്കുളം പഞ്ചായത്തിലും എടത്വാപഞ്ചായത്തിലും ചെറുതന പഞ്ചായത്തിലും ഇപ്പോൾ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത് . ജില്ലയിൽ ഇപ്പോൾ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങളിൽ താറാവുകളെ നഷ്ടപ്പെട്ട കർഷകർക്കുള്ള നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും, നിലവിൽ നൽകി വരുന്ന നഷ്ടപരിഹാര തുക പരമാവധി വർദ്ധിപ്പിക്കുന്നതിനും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ താറാവ് കർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനുള്ള നടപടി കൂടി സർക്കാർ സ്വീകരിക്കണമെന്നും മൃഗസംരക്ഷണവകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.