ചാരുംമൂട് : ടൗണിലെ സിഗ്നലിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർടി.സി ബസിന്റെ ഡോർ വലിച്ചു തുറന്ന് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ബൈക്ക് യാത്രക്കാരായ പ്രതികളെ അറസ്റ്റ് ചെയ്തു. ചുനക്കര തെക്കും മുറിയിൽ ചെറുകര വീട്ടിൽ ഹരികൃഷ്ണൻ (44) ചുനക്കര കോമല്ലൂർ മുറിയിൽ, കിഴക്കേ കളത്തിൽ വീട്ടിൽ മണിക്കുട്ടൻ ( 37 ) എന്നിവരെയാണ് നൂറനാട് സി.ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ വന്ന ബൈക്കും ആയുധമായി ഉപയോഗിച്ച ഹെൽമറ്റും കണ്ടെടുത്തു. പത്തനാപുരം ഡിപ്പോയിലെ ഡ്രൈവറായ കൊല്ലം പോരുവഴി സ്വദേശി മധു (50) വിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ 18 ന് സന്ധ്യയോടെയായിരുന്നു സംഭവം. കായംകുളത്ത് നിന്നും പത്തനാപുരത്തേക്ക് വന്ന ബസ് ചാരുംമൂട് സിഗ്നലിൽ നിർത്തിയപ്പോൾ ബൈക്കിൽ എത്തിയ രണ്ടു പേർ വാഹനം കുറുകെ വച്ച ശേഷം ബസിൽ അതിക്രമിച്ച് കയറി ഡ്രൈവറെ തലയിലും ശരീരത്തും ഹെൽമെറ്റ് കൊണ്ടു മർദ്ദിച്ചതായാണ് കേസ്. ബൈക്കിന് സൈഡ് നൽകിയില്ല എന്നാരോപിച്ചായിരുന്നു അക്രമം. മർദ്ദനമേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ബസിന്റെ ട്രിപ്പും മുടങ്ങിയിരുന്നു. എസ്.ഐമാരായ പി.എസ്.അരുൺകുമാർ, കെ.സുഭാഷ് ബാബു, സി.പി.ഒമാരായ ആർ.രജീഷ്, സുന്ദരേഷ് കുമാർ,വി.ജയേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.