ആലപ്പുഴ: ഈ വർഷം ഇതുവരെ പെൻഷൻ ആനുകൂല്യം കൈപ്പറ്റാനുള്ള യോഗം അങ്കണവാടി ജീവനക്കാർക്കുണ്ടായിട്ടില്ല. നാലുമാസത്തെ പെൻഷൻ കുടിശികയാണ് ഇവർക്ക് കിട്ടാനുള്ളത്. സ്പാർക്ക് സോഫ്ട് വെയറിന്റെ സാങ്കേതിക തടസം, കേന്ദ്രത്തിൽ നിന്ന് വിഹിതം ലഭിച്ചില്ല തുടങ്ങിയ മുട്ടാപ്പോക്ക് ന്യായങ്ങളാണ് അധികൃതർ ഈ പാവങ്ങൾക്ക മുന്നിൽ നിരത്തുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ലഭിച്ചിരുന്ന ഫെസ്റ്റിവൽ അലവൻസും നിലച്ച മട്ടാണ്. മുപ്പത്തിയഞ്ച് വർഷത്തിലധികം അങ്കണവാടിയിൽ ജോലിചെയ്ത ഇവർ, ഇതോടെ മരുന്ന് വാങ്ങാൻ പോലും നിർവാഹമില്ലാതെ അവസ്ഥയിലാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ വിരമിച്ചവർക്ക് ഗ്രാറ്റുവിറ്റിയടക്കമുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ പോലും നൽകിയിട്ടില്ല. സർവീസ് കാലാവധി അനുസരിച്ച് മുപ്പത്തി അയ്യായിരം രൂപ വരെ ഗ്രാറ്റുവിറ്റിക്ക് അർഹതയുള്ളവരുണ്ട്.
വർദ്ധനയിലും കുടിശിക
സംസ്ഥാന സർക്കാരിന്റെ 2021 - 2022 ബഡ്ജറ്റിലാണ് അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന പ്രഖ്യാപിച്ചത്. 2023 ഡിസംബറിൽ പ്രഖ്യാപനം നടപ്പാക്കിത്തുടങ്ങി. തുടർന്ന് ഏതാനും മാസത്തെ കുടിശ്ശിക നൽകിയ തൊഴിച്ചാൽ 33 മാസത്തെ പണം ഇനിയും ജീവനക്കാർക്ക് ലഭിക്കാനുണ്ട്. ജീവനക്കാരുടെ വേതനം ഗഡുക്കളായി നൽകുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടും.
പെൻഷൻ
വർക്കർ: ₹2500
ഹെൽപ്പർ: ₹1500
ഏറ്റവും കുറഞ്ഞ വേതനം ഓണറേറിയമായി പറ്റുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളായിരുന്നവരെ വിരമിച്ച ശേഷവും ദ്രോഹിക്കുന്നത് ശരിയല്ല. പെൻഷൻ മുടങ്ങുന്നത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ല
-വിജയകുമാർ, ഇന്ത്യൻ നാഷണൽ അങ്കണവാടി
എംപ്ളോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി)