ph

കായംകുളം: പുള്ളിക്കണക്ക് ഗ്രാമത്തിൽ മൂന്നു നാൾ നീണ്ടുനിന്ന ഉത്രം പടയണി മഹോത്സവം വലിയ പടയണിയോടെ സമാപിച്ചു. ചൂട്ടിന്റെ വെട്ടത്തിൽ പാരമ്പര്യത്തനിമ ഒട്ടും ചോരാതെ സംഘടിപ്പിച്ച പടയണിയിൽ ശോഭയാർന്ന കോലങ്ങൾ കളം നിറഞ്ഞു തുള്ളിയത് ജനങ്ങളിൽ ഭക്തിയും ആവേശവും ജനിപ്പിച്ചു.പിശാച്,പക്ഷി,മാടൻ,മറുത തുടങ്ങിയ കോലങ്ങളും അരക്കിയക്ഷി,സുന്ദരയക്ഷി,നാഗയക്ഷി മുതലായ യക്ഷിക്കോലങ്ങളും 32 പാള, 16 പാള എന്നിവയിൽ തീർത്ത ഭെെരവിക്കോലങ്ങളും നാടക പ്രധാനമായ കാലൻകോലവും വ്യത്യസ്ത ചുവടുകളോടെ തുള്ളിയുറയുമ്പോൾ ആർപ്പും കുരവയുമായി ഏറ്റെടുത്ത കാണികൾ പുള്ളിക്കണക്കിനെ പടയണിഗ്രാമമാക്കി. ഭക്തർ വഴിപാടായി സമർപ്പിച്ച ചൂട്ടുകൾ ആയിരുന്നു പുലർച്ചവരെ നീണ്ടുനിന്ന പടയണിക്കു വെളിച്ചം പകർന്നത്. പടയണി ആചാര്യൻ പ്രസന്നകുമാർ തത്ത്വമസിയുടെ കാർമ്മികത്വത്തിലാണ് ഉത്രം പടയണി നടന്നത്.

ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ,ഫോക് ലോർ അക്കാഡമി ജേതാവ് സുരേഷ് കുമാറിനെയും പുള്ളിക്കണക്കു പടയണിസംഘാടകസമിതി ഭാരവാഹികളായ അനിൽ കറുകത്തറ, സ്വപ്ന മോഹൻ എന്നിവർ ആദരിച്ചു. ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, കഥാകാരൻ ബി. രവികുമാർ എന്നിവർ ചേർന്നു പ്രകാശിപ്പിച്ച ഡോ.കെ. കൃഷ്ണദാസ് കടമ്മാട്ടിന്റെ നെല്ല് ചരിത്രവും വർത്തമാനവും എന്ന പുസ്തകം മോഹിനിയാട്ടകലാകാരി അണിമ.വി.പി, സിനിമാനടി സിജി പ്രദീപ് എന്നിവർ ഏറ്റുവാങ്ങി.