ana

ആലപ്പുഴ: ശ്വാസമെടുക്കാൻ കഴിയാത്ത വിധം ജീവിതത്തിൽ രണ്ടാം തവണയും വില്ലനായി അവതരിച്ച അങ്കൈലോസിംഗ് സ്പോണ്ടിലൈറ്റിസിൽ (നട്ടെല്ലിനെ ബാധിക്കുന്ന ഒരു തരം സന്ധിവാതം-കോശ ജ്വലന രോഗം)നിന്ന് ഡോ. ഹരികുമാറിന്റ കൈപ്പുണ്യത്തിൽ ബിജുവിന് വീണ്ടും പുനർജന്മം.ഒരുപതിറ്റാണ്ടോളം മുമ്പ് രോഗം ബാധിച്ച ഒരു ഇടുപ്പെല്ല് മാറ്റിവച്ച് ജീവിതത്തിലേക്ക് തിരികെ നടത്തിയ ആലപ്പുഴ മെഡിക്കൽ കോളേജിലെ അനസ്തേഷ്യാ വിഭാഗം അസോസിയേറ്റ് പ്രൊഫ.ഹരികുമാറാണ് വീണ്ടും മരണത്തിന്റെ വായിൽ നിന്നും കൊല്ലം തിരുമുല്ലവാരം സ്വദേശി ബിജുവിന്റെ(52) രക്ഷകനായത്.

2002ൽ ഗൾഫിൽ ജോലി ചെയ്യുന്ന സമയത്ത് ബിജുവിന് പുറം വേദനയിൽ തുടങ്ങിയതാണ് രോഗം. ക്രമേണ ചുമയ്ക്കാനോ , തുമ്മാനോ , ശ്വാസമെടുക്കാനോ കഴിയാതെയായി. കഴുത്ത് ഭാഗം മുന്നോട്ട് വളഞ്ഞ് കാലുകളുടെ ചലനശേഷി നിലയ്ക്കുന്ന ഘട്ടമായി. വിദേശ ചികിത്സവരെ തേടിയെങ്കിലും രോഗം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടിലെത്തി 2010-ൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.അന്ന് അവിടെ ആർ.എം.ഒയായിരുന്ന തൃശൂർ സ്വദേശി ഡോ.പീതാംബരനാണ് ബിജുവിന്റെ രോഗം നിർണയിച്ചത്. രോഗം ഭേദമാക്കാൻ കഴിയുന്ന ഒരു മരുന്നുമില്ലെന്ന് ഡോക്ടർ വിധിയെഴുതിയെങ്കിലും മനോധൈര്യം ബിജുവിന് കൂട്ടായി . സ്വയം പ്രതിരോധവും വ്യായാമവും നിർദ്ദേശിച്ച് വീട്ടിലേക്ക് മടക്കി .2020-ൽ ഇടത്തേ ഹിപ് ജോയിന്റിന്റെ ചലനശേഷി പൂർണമായും നഷ്ടമായി. അസഹ്യമായ വേദനയും. സുഹൃത്ത് പറഞ്ഞതനുസരിച്ച് ബിജു കോട്ടയം മെഡിക്കൽ കോളേജിലെത്തി. ഡോ.ഹരികുമാറിനായിരുന്നു അനസ്ത്യേഷ്യയുടെ ചുമതല. ഡോക്ടർ രോഗിക്കൊപ്പം നിന്നു.സ്പൈനൽ അനസ്തേഷ്യ നൽകി ഹിപ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

ഇക്കഴിഞ്ഞ മാർച്ചിലാകട്ടെ ബിജുവിന്റെ വലത്തേ ഹിപ്പും പണിമുടക്കി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സർജറിക്ക് തീയതി ലഭിച്ചെങ്കിലും അനസ്തേഷ്യ ഡോക്ടർ കൂടെ നിന്നില്ല. ബിജു വീണ്ടും ഹരി ഡോക്ടറിന്റെ സഹായം തേടി. ബിജുവിനെ ഡോക്ടർ വണ്ടാനത്തേക്ക് ക്ഷണിച്ചു.അസാധ്യമെന്ന് കരുതിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.ശസ്ത്രക്രിയയ്ക്ക് ശേഷം രോഗം ഭേദമായി കൊല്ലത്ത് ബേക്കറി നടത്തുകയാണ് ബിജു.

........

" കാണപ്പെട്ട ദൈവമാണ് ഡോ.ഹരികുമാർ‌.മെഡിക്കൽ കോളേജിലെ ഡസൻ കണക്കിന് ശസ്ത്രക്രിയകൾക്ക് ചുക്കാൻ പിടിക്കേണ്ട ഡോക്ടർ ദൈവദൂതനെപ്പോലെ എന്നോടൊപ്പം ചേർന്ന് നിന്ന് , വേണ്ടതൊക്കെ ചെയ്തതിനാൽ ഞാനീ ഭൂമുഖത്ത് ജീവിക്കുന്നു.

ബിജു