ആലപ്പുഴ: ജില്ലയിൽ ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിലെ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. 26ന് രാവിലെ 7മുതൽ വൈകിട്ട് 6മണിവരെയാണ് പോളിംഗ്. ആലപ്പുഴയിൽ 11ഉം മാവേലിക്കരയിൽ ഒൻപതും സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്. ആലപ്പുഴയിൽ 1333ബൂത്തികളിലായി 14,00,083 വോട്ടർമാരിൽ 7,26,008 സ്ത്രീകളും 6,74,066 പുരുഷമാരും ഒമ്പത് ട്രാൻസ്‌ജെൻഡർമാരും മാവേലിക്കരയിൽ 1281ബൂത്തുകളിലായി 13,31,880 വോട്ടർമാരിൽ 7,01564 സ്ത്രീകളും 6,30,307 പുരുഷമാരും ഒമ്പത് ട്രാൻസ്‌ജെൻഡർമാരും ഉണ്ട്. 42,721 കന്നിവോട്ടർമാർ ഇക്കുറി വോട്ട് രേഖപ്പെടുത്തും. ഓരോ നിയോജക മണ്ഡലത്തിലും ഒരു മാതൃക പോളിംഗ് സ്റ്റേഷനും ഒരു പിങ്ക് (സ്ത്രീ സൗഹൃദ) പോളിംഗ് സ്റ്റേഷനും ഉണ്ട്. മാതൃക പോളിംഗ് സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്കുള്ള വീൽച്ചെയർ, എല്ലാ വോട്ടർമാർക്കും ലൈറ്റ് റിഫ്രഷ്മെന്റ്, മുതിർന്ന പൗരർക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.
# പൊലീസ് സജ്ജം
പോളിംഗ് ബൂത്തിലേക്ക് ഏകദേശം 3000 അധികം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. 700ൽപരം തമിഴ്നാട് പൊലീസ് സേനയെ ഡ്യൂട്ടിക്കായി നിയോഗിച്ചു. ജില്ല അതിർത്തികളിൽ കേന്ദ്ര സേനയുമായി ചേർന്ന് വാഹന പരിശോധനകൾ തുടരുന്നു. വോട്ടിംഗ് മെഷീനുകൾ അടക്കമുള്ള പോളിംഗ് ഉപകരണങ്ങളുടേയും ഉദ്യോഗസ്ഥരുടേയും സുരക്ഷയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെയും വാഹനകളുടെയും സുരക്ഷാ പ്ലാനുകൾ പ്രത്യേകം തയ്യാറാക്കി.
#സൗജന്യ യാത്ര
ഭിന്നശേഷിക്കാർക്ക് പോളിംഗ് സ്റ്റേഷനുകളിൽ എത്താൻ സൗജന്യയാത്രയും
വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ റാമ്പ്, വീൽ ചെയർ സൗകര്യവും അനുവദിക്കും.
ഡ്രോൺ നിരീക്ഷണം
ഇന്ന് വൈകിട്ട് ആറ് മണിക്ക് പരസ്യ പ്രചാരണം അവസാനിക്കും. പോളിംഗ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കാൻ പാടില്ല. കൊട്ടിക്കലാശത്തിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കി. ഡ്രോൺ ഉൾപ്പടെയുള്ള നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ
വോട്ടർമാർ: 23,898
സ്ത്രീകൾ :11839
പുരുഷന്മാർ : 12059
മാവേലിക്കര
വോട്ടർമാർ :18,823
സ്ത്രീകൾ : 9248
പുരുഷന്മാർ : 9575