
ആലപ്പുഴ: കേരളം പോളിംഗ് ബൂത്തിലെത്താൻ രണ്ട് ദിവസം മാത്രം. ഇടത് - വലത് മുന്നണികളുടെ നേർ പോരാട്ടം മാത്രം കണ്ട് ശീലിച്ച ആലപ്പുഴ ഇത്തവണ ത്രികോണ മത്സരത്തിനാണ് സാക്ഷിയായത്. മാവേലിക്കരയിലും പോരാട്ടം ശക്തമാണ്. അരലക്ഷത്തിനടുത്തുള്ള കന്നി വോട്ടർമാർ ഇരുമണ്ഡലങ്ങളിലും നിർണായക സ്വാധീനമാകും. വോട്ടർമാർ അവരുടെ നിലപാടുകളും കാഴ്ച്ചപ്പാടും പങ്കുവയ്ക്കുന്നു.
ഭാഷ അറിയണം,
വീക്ഷണം വേണം
മണ്ഡലത്തിലെ കാര്യങ്ങൾ ലോക്സഭയിൽ കൃത്യമായി അവതരിപ്പിക്കാൻ കഴിയുന്ന വിധം ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കഴിവുണ്ടാകണം. മണ്ഡലത്തിലെ സാധന സമ്പത്തുകൾ എല്ലാ വിഭാഗം ജനതയ്ക്കും ഉപകാരപ്രദമാകും വിധം പദ്ധതികളാക്കി പാകപ്പെടുത്തിയെടുക്കാനുള്ള വീക്ഷണം വേണം. സർവോപരി കൃത്യമായ ഒരു സാമ്പത്തിക സ്രോതസ്സ് ഉണ്ടാക്കിയെടുക്കാനും അത് പ്രയോജനപ്പെടുത്താനും വീക്ഷണമുള്ള ഭരണാധികാരികളെയാണ് അധികാരത്തിൽ എത്തിക്കേണ്ടത്.
എ.അനീഷ്, മെക്കാനിക്കൽ എൻജിനിയറിംഗ് എച്ച്.ഒ.ഡി ഇൻചാർജ്ജ്,
ഐ.ഇ.എസ് കോളേജ്, ചിറ്റിലപ്പള്ളി
ഇന്ത്യയെ
പുതുക്കിപ്പണിയണം
രാജ്യം കടന്നുപോകുന്നത് നിരവധി സങ്കീർണതങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ്. മതേതരവും ജനാധിപത്യവും ഉറപ്പിച്ചിരുന്ന ഇന്ത്യ ഇന്ന് വിരുദ്ധ കാര്യങ്ങൾക്കാണ് വേദിയായിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയിൽ പറയുന്നത് പോലെ ജനാധിപത്യ മതേതര റിപ്പബ്ലിക് ഇന്ത്യയെയാണ് ആവശ്യം. സമാധാന രഹിതമായ ഇന്ത്യയുടെ അന്തരീക്ഷം മാറ്റിപ്പണിയാൻ പ്രാപ്തമായ സർക്കാർ അധികാരത്തിൽവരണം
ആര്യ.എസ്.ഉണ്ണി
എസ്.ബി കോളേജ്, ചങ്ങനാശ്ശേരി
...........................
യജമാനല്ല,
ദാസരാണ്
ഒരു ജനപ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹം പ്രതിനിധീകരിക്കേണ്ടത് ജാതിയോ മതത്തെയോ വ്യക്തിപരമായ വിശ്വാസങ്ങളെയും അല്ല മറിച്ച് ജനങ്ങളെയാണ്. ജനങ്ങളുടെ യജമാനൻമാരല്ല ദാസരാണ് തങ്ങളെന്നുള്ള വിശ്വാസം ജനപ്രതിനിധിക്കുണ്ടാകണം.
പി.സജിത്ത്, മുഹമ്മ
സുരക്ഷയും
നീതിയും
ഓരോ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന തരത്തിലാവണം ജനപ്രതിനിധിയുടെ പ്രവർത്തനം. ജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും അന്തസും നീതിയും ഉറപ്പാക്കപ്പെടുന്ന ഒരു നല്ല നാളെക്കായി വോട്ട് രേഖപ്പെടുത്തും
സാന്ദ്രാസുരേഷ്
സി.എം.എസ് കോളേജ്, കോട്ടയം
വാഗ്ദാനങ്ങൾ
പാലിക്കണം
പ്രചരണ കാലത്ത് ഓടിയെത്തുന്നത് പോലെയെത്താനും, ഇപ്പോഴത്തേത്ത് പോലെ എപ്പോഴും പെരുമാറാനും കഴിയുന്ന പ്രതിനിധിയെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വാഗ്ദാനങ്ങൾ പാലിച്ച് നടപ്പാക്കണം. ജനങ്ങളെ കാണാനും അവരുടെ പ്രശ്നങ്ങൾ അറിയാനും സമയം കണ്ടെത്തണം
അഡ്വ.എ.ലിജിമോൻ
മുഹമ്മ
ജനാധിപത്യം
ശക്തപ്പെടണം
രാഷ്ട്രീയ താല്പര്യങ്ങൾക്ക് അപ്പുറം സ്ഥാനാർത്ഥികൾ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിൽലായിരിക്കും എന്റെ വോട്ട്. രാജ്യത്തെ ജനാധിപത്യ പ്രക്രിയകൾ പുനഃസ്ഥാപിക്കാൻ കെൽപ്പുള്ള സർക്കാർ ഭരണത്തിൽ എത്തണമെന്നാണ് ആദ്യ വോട്ടിലൂടെ ഞാൻ ലക്ഷ്യമാക്കുന്നത്
അലീന മേരി ജോണി
എസ്.ബി കോളേജ്, ചങ്ങനാശ്ശേരി
വിലക്കയറ്റം
വിഷയമാണ്
എനിക്ക് രാഷ്ട്രീയമില്ല. സാധാരണക്കാരുടെ പ്രശ്നങ്ങൾ അറിയാനും പരിഹാരം കാണാനും കഴിയുന്നവർ മുന്നോട്ട് വരട്ടെ. അടിസ്ഥാന സൗകര്യങ്ങൾ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടങ്ങിയവയാണ് സാധാരണ വോട്ടറുടെ വിഷയങ്ങൾ.
നവീൻ സി.തോപ്പിൽ, മാനേജർ, എൻ.ബി.എസ് ആലപ്പുഴ