ആലപ്പുഴ: ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തോടെ ഇന്ന് സമാപിക്കും. നാളെ ഒരുപകൽ നീളുന്ന നിശബ്ദ പ്രചരണത്തോടെ പ്രചരണകോലാഹലങ്ങൾ അവസാനിക്കുമ്പോൾ ജനവിധി നിർണയിക്കാൻ മണിക്കൂറുകൾമാത്രം ബാക്കിയാകും.
പരസ്യപ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നാടിളക്കിമറിക്കുംവിധത്തിലാണ് പാർട്ടികളും മുന്നണികളും കൊട്ടിക്കലാശം ആസൂത്രണം ചെയ്തിരിക്കുന്നത്. കലാശക്കൊട്ട് വർണാഭമാക്കാൻ ഡി.ജെ ഇറക്കാനാണ് പ്രധാന മുന്നണികളുടെ തീരുമാനം. നെഞ്ചിടിപ്പുയർത്തുന്ന പാട്ടാകും ഇതിൽനിന്നുയരുക. ഇടിമുഴക്കം മാതിരി വലിയ ശബ്ദകോലാഹലം കേൾപ്പിക്കാൻ കഴിയുന്ന ലൗഡ് സ്പീക്കറുകളുള്ള സൗണ്ട് സിസ്റ്റം ലോറികളിൽ ഘടിപ്പിച്ച് കണ്ണഞ്ചിപ്പിക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾക്കും പാട്ടുകൾക്കുമൊപ്പം ചുവടുവച്ചും മുദ്രാവാക്യം വിളിച്ചും വോട്ട് അഭ്യർത്ഥിച്ചും പരസ്യപ്രചാരണത്തിന്റെ സമാപനവും നാടിളക്കും.
ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലായി നിയമസഭാ നിയോജക മണ്ഡല അടിസ്ഥാനത്തിലും കൊട്ടിക്കലാശത്തിന്റെ ഭാഗമായി ബൈക്ക് റാലികളും പ്രകടനങ്ങളും ജാഥകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ത്രികോണമത്സരം നടക്കുന്ന ആലപ്പുഴയിൽ മൂന്ന് മുന്നണികളും ആവേശത്തിലാണ്. ഓരോ വോട്ടും ഉറപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് മുന്നണികൾ. മത്സരം പ്രവചനാതീതമായതോടെ അവസാനവോട്ടും തങ്ങളുടെ പെട്ടിയിൽ വീഴ്‌ത്താനുള്ള പോരാട്ടമാണ് നടക്കുന്നത്. ദേശീയ നേതാക്കളെ വരെ കളത്തിലിറക്കിയാണ് മത്സരം കടുപ്പിച്ചത്. ഇടതു പക്ഷത്തിനായി സീതാറാം യെച്ചൂരി, ഡി.രാജ, പിണറായി വിജയൻ തുടങ്ങിയ പ്രമുഖനേതാക്കളാണെത്തിയത്.
യു.ഡി.എഫിനായി രാഹുൽ ഗാന്ധി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന മണിക്കൂറിൽ സന്ദർശനം റദ്ദായി. കർണ്ണാടകയിൽ നിന്നുള്ള മന്ത്രിമാരും എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനുമാണ് കളം കൊഴുപ്പിക്കാനെത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇന്നെത്തുന്നുണ്ട്.
പുന്നപ്ര കാർമ്മൽ ഗ്രൗണ്ടിൽ അമിത്ഷാ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് ശേഷം എല്ലാ മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ ഓട്ടപ്രദക്ഷിണം നടത്തും. ഉച്ചക്ക് കളർകോട് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ആലപ്പുഴ ടൗണിൽ സമാപിക്കും. ആലപ്പുഴ നഗരത്തിൽ നിന്നാരംഭിക്കുന്ന കെ.സി.വേണുഗോപാലിന്റെ റോഡ്‌ഷോ വട്ടപ്പള്ളിയിൽ സമാപിക്കും. വയലാറിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ആരംഭിക്കുന്ന ആരിഫിന്റെ റോഡ് ഷോ സക്കറിയാ ബസാറിൽ സമാപിക്കും. മാവേലിക്കര മണ്ഡലത്തിലെ മൂന്നു മുന്നണിസ്ഥാനാർത്ഥികളുടെയും പരസ്യപ്രചരണം റോഡ് ഷോയോടെ ചെങ്ങന്നൂരിലാണ് സമാപിക്കുന്നത്.