മാന്നാർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ വോട്ട് പിടിക്കാൻ മുന്നണികൾ പുതിയ തന്ത്രങ്ങൾ മെനയുമ്പോൾ, ഡി.സി.സി സെക്രട്ടറി എം.ശ്രീകുമാർ അപ്രതീക്ഷിതമായി സി.പിഎമ്മിലേക്ക് ചേക്കേറിയത് കോൺഗ്രസിന് തിരിച്ചടിയായി. ആലപ്പുഴ ഡി.സി.സി സെക്രട്ടറി സ്ഥാനവും കോൺഗ്രസിന്റെ പ്രാഥമികാംഗത്വവും രാജിവെച്ചാണ് എം.ശ്രീകുമാർ കഴിഞ്ഞ ദിവസം സി.പിഎമ്മിൽ ചേർന്നത്. കെ.പി.സി.സി നിർവാഹക സമിതിയംഗവും മാവേലിക്കര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിംഗ് ചെയർമാനും മുൻ എം.എൽ.എയുമായ എം.മുരളിയുടെ സഹോദരനാണ് എം.ശ്രീകുമാർ. കരാർ കാലാവധി കഴിഞ്ഞിട്ടും ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ശ്രീകുമാറിന്റെ രാജിയിലേക്കെത്തിച്ചത്. 2020 ഡിസംബറിൽ ഉണ്ടാക്കിയ കരാർ പ്രകാരം ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ രവികുമാർ കോമന്റേത്ത് രണ്ടുവർഷം കഴിഞ്ഞ് സ്ഥാനം ഒഴിഞ്ഞ് അഭിലാഷ് തൂമ്പിനാത്തിനും തുടർന്നുള്ള വർഷം ഷിബു കിളിമൺതറയിലിനും നൽകണമെന്നായിരുന്നു തീരുമാനം. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു നൽകാത്ത രവികുമാറിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് എം.ശ്രീകുമാർ ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചത്. എം.ശ്രീകുമാറിനൊപ്പം ബിജു ടി.ചെറുകോലും സി.പി.എമ്മിൽ ചേർന്നു.

വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച തന്റെ വീടിനു മുന്നിൽ വന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രവികുമാറിനെതിരെ പരാതിപ്പെട്ടപ്പോൾ, രവികുമാറിന്റെ പാർട്ടിയിൽ നിന്നും പുറത്താക്കാമെന്ന് കെ.പി.സി.സി ആക്ടിംഗ് റസിഡന്റ് എം.എം. ഹസൻ ഉറപ്പ് നൽകിയിരുന്നതായി ശ്രീകുമാർ പറഞ്ഞു. എന്നാൽ സസ്‌പെൻഡ് ചെയുകമാത്രമാണുണ്ടായത്. ജനകീയ പ്രശനങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കാത്ത കോൺഗ്രസിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുകയും ജനകീയ പ്രശ്ങ്ങളിൽ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നത് സി.പി.എമ്മാണെന്നും എം.ശ്രീകുമാർ പറഞ്ഞു.

......

# തിരഞ്ഞെടുപ്പിനെ ബാധിക്കില്ല

കോൺഗ്രസ് നേതാക്കൾ നൽകിയ ഉറപ്പ് പാലിക്കുന്നതിന്റെ പ്രാഥമിക നടപടിയുടെ ഭാഗമായിരുന്നു രവികുമാറിന്റെ സസ്പെൻഷൻ. തിരഞ്ഞെടുപ്പിന് ശേഷം തുടർനടപടികൾ ഉണ്ടാവുമെന്നും അറിയിച്ചിട്ടുള്ളതാണ്. എന്നാൽ അത് മാനിക്കാതെ എടുത്തു ചാടിയുള്ള തീരുമാനം ആത്മഹത്യാപരമാണ്. തിരഞ്ഞെടുപ്പിനെ ഇത് യാതൊരുവിധത്തിലും ബാധിക്കില്ല.

രാധേഷ് കണ്ണന്നൂർ,കെ.പി.സി.സി അംഗം