
അമ്പലപ്പുഴ: ദേശീയ പാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗതതടസം. കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്കുഭാഗത്ത് ഇന്നലെ രാവിലെ 5.30 ഓടെ ആയിരുന്നു അപകടം. എറണാകുളത്ത് നിന്ന് തെക്ക് ഭാഗത്തേക്ക് പോയ കണ്ടെയിനർ ലോറി നിയന്ത്രണംതെറ്റി പട്ടണക്കാട്ടേക്ക് സിമന്റുമായി പോയ ലോറിയിലും , തൊട്ടുപിന്നാലെ കൊല്ലത്തു നിന്ന് കശുവണ്ടി തോട് കയറ്റിവന്ന ലോറിയിലും ഇടിച്ചു.കശുവണ്ടി തോട് നിറച്ച ചാക്കുകൾ റോഡിൽ ചിതറി വീഴുകയും ചെയ്തു.തുടർന്ന് ഗതാഗതം പൂർണമായി സ്തംഭിച്ചു.അമ്പലപ്പുഴ പൊലീസും തകഴിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി ചാക്കുകെട്ടുകൾ പൂർണമായും റോഡിൽ നിന്നു മാറ്റിയ ശേഷം ഒരു സൈഡിൽക്കൂടി വാഹനം കടത്തിവിട്ടു. ലോഡു നിറച്ച വാഹനങ്ങൾ റോഡിൽ നിന്നു മാറ്റാൻ ക്രയിൻ കിട്ടാൻ വൈകിയതിനാൽ മണിക്കൂറുകളോളം ഒരു സൈഡിൽക്കൂടിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ കോട്ടയം സ്വദേശി ഇർഫാൻ (25) ന് കാലിൽ പരിക്കേറ്റു.ഇർഫാനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.