d

ആലപ്പുഴ: നഗരത്തിലെ തത്തംപള്ളി പ്രദേശത്ത് രണ്ട് മാസങ്ങളായി വാട്ടർ അതോറിട്ടിയുടെ പൈപ്പിൽ നിന്ന് ലഭിക്കുന്നത് കലക്കവെള്ളം. പ്രദേശവാസികൾ നിരന്തരം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ജല അതോറിട്ടി ജീവനക്കാർ പരിശോധനയ്ക്കെത്തി. എന്നാൽ അന്നേ ദിവസം പൈപ്പിൽ വെള്ളമുണ്ടായിരുന്നില്ല. പ്രദേശവാസികൾ കുപ്പിയിലാക്കി വച്ചിരുന്ന ജലമാണ് പരിശോധനയ്ക്ക് അതോറിട്ടിക്ക് കൈമാറിയ്ത്. വെള്ളമെടുത്താൽ സെപ്റ്റിടാങ്ക് തുറന്നതിന് സമാനമായ ദുർഗന്ധമെന്നാണ് നാട്ടുകാരുടെ ആരോപണം. ചെളി കലർന്ന നിറമാണ്. കൂടാതെ എണ്ണ കലർന്നതിന് സമാനമായാണ് ജലം കാണപ്പെടുന്നത്. പ്രശ്നപരിഹാരത്തിനായി നിലവിൽ പൈപ്പ് ലൈൻ മാറ്റി നൽകാൻ ഫണ്ടില്ലെന്നാണ് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരുടെ വിശദീകരണം. വീടുകളിൽ കിണറുകൾ സമാന്തരമായി ജലം ലഭിക്കാൻ അവസരമുണ്ട്. ഇത്തരം സൗകര്യമില്ലാത്ത നിരവധി കുടുംബങ്ങളാണ് ഗത്യന്തരമില്ലാതെ കലക്കവെള്ളം അത്യാവശ്യ കാര്യങ്ങൾക്ക് പോലും ഉപയോഗിക്കുന്നത്. ആർ.ഒ പ്ലാന്റിൽ നിന്ന് വിലയ്ക്ക് വാങ്ങുന്ന ജലം ഉപയോഗിച്ചാണ് പല കുടുംബങ്ങളും പാചകം ചെയ്യുന്നത്.

........

# പൈപ്പ് ലൈൻ മാറ്റി നൽകാൻ ഫണ്ടില്ല

പ്രശ്ന പരിഹാരത്തിനായി വാട്ടർ ലൈൻ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. വാട്ടർ അതോറിട്ടിക്ക് ഫണ്ടില്ലെന്നും, നഗരസഭ പ്രവൃത്തി ചെയ്യിക്കണമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. നഗരസഭയാണോ, ജല അതോറിട്ടിയാണോ പരിഹാരം കാണേണ്ടതെന്ന് അടിയന്തരമായി തീരുമാനിക്കണം. അല്ലാത്ത പക്ഷം ഈ ജലം സ്ഥിരമായി ഉപയോഗിച്ച് അതിസാരമടക്കം പ്രദേശത്ത് പടരുമോയെന്ന് ഭയപ്പെടുന്നു-

തത്തംപള്ളി റെസിഡന്റ്സ് അസോസിയേഷൻ