മാന്നാർ: ലോക്സഭാ തിരഞ്ഞെടുപ്പിന് ചെങ്ങന്നൂർ നിയമസഭാ മണ്ഡലം ഒരുങ്ങി. ക്രമീകരണങ്ങൾ പൂർത്തിയായതായി മാവേലിക്കര മണ്ഡലം ഉപവരണാധികാരി കൂടിയായ ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസർ ജി.നിർമ്മൽകുമാർ അറിയിച്ചു. ചെങ്ങന്നൂർ തഹസിൽദാർ സുരേഷ് കുമാർ.പി.ഡി, ചെങ്ങന്നൂർ തഹസിൽദാർ (എൽ.ആർ) അശ്വനി അച്യുതൻ, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദേവരാജൻ, മാന്നാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേന്ദ്രൻ.വി, വെൺമണി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ.നാസർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ ഇത് സംബന്ധിച്ച അവലോകന യോഗത്തിൽ പങ്കെടുത്തു. റവന്യൂ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, ട്രാഫിക് പൊലീസ്, സെക്ടറൽ ഓഫീസർമാർ എന്നിവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ചെങ്ങന്നൂർ നിയമസഭാ നിയോജകമണ്ഡലത്തിന്റ പരിധിയിൽപ്പെട്ട 192 പോളിംഗ് സ്റ്റേഷനിലേക്കുമുള്ള വോട്ടിംഗ് സാമഗ്രികളുടെയും ബന്ധപ്പെട്ട പോളിംഗ് ജീവനക്കാരുടെയും വിന്യാസം ഇന്ന് രാവിലെ 9 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ക്രമീകരിച്ചിട്ടുളള വിതരണകേന്ദ്രത്തിൽ ആരംഭിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.വോട്ടിംഗ് സാമഗ്രികളുടെ വിതരണത്തോടനുബന്ധിച്ച് ചെങ്ങന്നൂർ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വോട്ടിംഗ് സാമഗ്രികളുടെ വിതരണ സമയത്തും നാളെ വോട്ടെടുപ്പിന് ശേഷം സാമഗ്രികൾ തിരികെ വാങ്ങുന്ന സമയത്തും എം.സി. റോഡിൽ നിന്ന് ക്രിസ്ത്യൻ കോളേജ് റോഡിലേക്കുളള ഗതാഗതം നിരോധിച്ചു.
...........
#ചെങ്ങന്നൂരിൽ ഗതാഗത ക്രമീകരണം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന ജീവനക്കാരുടെ കാറുകളും മറ്റുവാഹനങ്ങളും ഗിരിദീപം ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള മൈതാനത്ത് പാർക്ക് ചെയ്യണം. വിതരണകേന്ദ്രത്തിലേക്ക് അവിടെ നിന്ന് ഔദ്യോഗിക യാത്രാസംവിധാനം ഏർപ്പെടുത്തും.
ഇരുചക്രവാഹനങ്ങളിൽ എത്തുന്ന ഉദ്യോഗസ്ഥർ അവരവരുടെ വാഹനങ്ങൾ ക്രിസ്ത്യൻ കോളേജ് ഓഡിറ്റോറിയത്തിന്റെ ഭാഗത്ത് പാർക്ക് ചെയ്യണം.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ടെടുപ്പ് സ്ഥലത്തേക്ക് പോകുവാനുള്ള വാഹനങ്ങൾ കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
റിട്ടേണിംഗ് ഓഫീസർ, അസി. റിട്ടേണിംഗ് ഓഫീസർ, ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർ, മാദ്ധ്യമപ്രവർത്തകൾ എന്നിവരുടെ വാഹനങ്ങൾ റിട്ടേണിംഗ് ഓഫീസർ നൽകുന്ന പാസ് ഉപയോഗിച്ച് കോളേജിനുള്ളിൽ പാർക്ക് ചെയ്യണം.