amit-sha

ആലപ്പുഴ: സഹകരണമേഖല പാവങ്ങളുടെ ആശ്രയമാണെന്നും കരുവന്നൂ‌ർ അഴിമതി സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് തടസമായിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഇ.ഡി അന്വേഷണം കഴിയുമ്പോൾ കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നൽകും. അഴിമതിക്കാരെ ശിക്ഷിച്ചിരിക്കും.

ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണയോഗം പുന്നപ്ര കാർമൽ കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആണവായുധ രംഗത്ത് വൻശക്തിയായി ഭാരതം മാറിക്കൊണ്ടിരിക്കെ, കരിമണൽ കയറ്റുമതി ചെയ്യാനാണ് കേരള സർക്കാരിന്റെ ശ്രമം. കോൺഗ്രസും കമ്യൂണിസ്റ്റും ഇക്കാര്യത്തിൽ പരസ്പര സഹായികളാണ്.

നരേന്ദ്രമോദിയോടൊപ്പം മുന്നേറാൻ തയ്യാറാണെന്നാണ് കേരളത്തിലെ സർവേകൾ പറയുന്നത്. ലോകത്തും രാജ്യത്തും കമ്യൂണിസം അസ്തമിച്ചു. കോൺഗ്രസും നശിച്ചു.

വരാൻ പോകുന്നത് ബി.ജെ.പിയുടെ നാളുകളാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറും. രാജ്യത്തെ മൂന്നുകോടി സഹോദരിമാരെ ലക്ഷാധിപതികളാക്കി മാറ്റാൻ നമുക്ക് കഴിയും. കാർഷിക രംഗത്തും ഉൽപ്പാദന രംഗത്തും കയറ്റുമതി രംഗത്തും ഭാരതത്തെ ഒന്നാമതാക്കാൻ എൻ.ഡി.എ അധികാരത്തിലെത്തേണ്ടതുണ്ട്. ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യയാൻ ലക്ഷ്യം പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.