
മാന്നാർ: ബുധനൂർ ശ്രീകുന്നത്തൂർകുളങ്ങര ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ പൂർത്തീകരണമായ ഇന്നലെ പുലർച്ചെ 4ന് ക്ഷേത്രമൈതാനിയിൽ പള്ളിവിളക്കുകൾ തെളിഞ്ഞു. ആയിരക്കണക്കിന് ഭക്തർ ദീപക്കാഴ്ച ദർശിച്ചു. ബുധനൂർകിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെയും ബുധനൂർപടിഞ്ഞാറ് പള്ളിവിളക്ക് സേവാസംഘത്തിന്റെയും നേതൃത്വത്തിലാണ് പള്ളിവിളക്കുകൾ ക്ഷേത്ര മൈതാനത്ത് ഒരുക്കിയത്. ക്ഷേത്രത്തിൽ നിന്നു മേൽശാന്തി കത്തിച്ച്കൊടുത്ത ദീപം ആർപ്പുവിളികളോടെ എതിരേറ്റു. 80അടി ഉയരവും 40അടിയോളം വീതിയുമുള്ള ഗോപുര ആകൃതിയിൽ ആഞ്ഞിലി തടിയിൽ തീർത്ത പള്ളിവിളക്കുകളിൽ മരോട്ടികായ രണ്ടായിപിളർത്തി അതിൽ എണ്ണയൊഴിച്ചു മഞ്ഞൾകലക്കി യോജിപ്പിച്ചു വെളിച്ചെണ്ണയിൽ തിരിപുഴുങ്ങി എടുത്താണ് കത്തിക്കാൻ ഉപയോഗിച്ചത്. പള്ളിവിളക്കുകൾ തെളിഞ്ഞതോടെ ദേവിയെ ശ്രീകോവിലിൽ നിന്നു ജീവതയിൽ എഴുന്നള്ളിച്ചു. തുടർന്ന് അകത്തെഴുന്നള്ളിപ്പോടെ ഉത്സവം സമാപിച്ചു.