ചേർത്തല:ചേർത്തല നഗരത്തിലെ പ്രധാന വ്യാപാരി സംഘടനയായ ദി മർച്ചന്റ് അസോസിയേഷൻ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവ്. അനധികൃത നിക്ഷേപ പദ്ധതികൾക്കെതിരായ ബഡ്സ് ആക്ട്(ബാനിംഗ് ഒഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീമ്സ് ആക്ട്) പ്രകാരമാണ് നടപടി. ആഭ്യന്തരവകുപ്പിന്റേതാണ് നടപടി.ഇതിന്റെ ഭാഗമായി അസോസിയേഷൻ പ്രവർത്തനങ്ങൾ നിർത്തി ഓഫീസ് പൂട്ടിയിരിക്കുകയാണ്. വ്യാപാരികളായ കെ.ആർ.രൂപേഷ്,ഇ.കെ.സിനിൽകുമാർ.സുനിൽചന്ദ്രദത്ത് എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.ദൈനംദിന പ്രവർത്തനങ്ങളടക്കം എല്ലാം നിർത്തിവെക്കാനാണ് നിർദ്ദേശം.ഇതിനൊപ്പം അക്കൗണ്ടുകൾ മരവിപ്പിക്കാനും ആസ്തികൾ ഏറ്റെടുക്കാനും അതാതു വകുപ്പുകൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.ഉത്തരവിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് മുതൽ ഓഫീസ് പ്രവർത്തനം നിർത്തിയിരിക്കുകയാണ്.
........
# നിയമപരമായ നടപടികൾ ആരംഭിച്ചു
അസോസിയേഷനെ സംബന്ധിച്ച സത്യവിരുദ്ധമായ പരാതിയുടെ അടിസ്ഥാനത്തിലാണ് താത്ക്കാലികമായി പ്രവർത്തനം മരവിപ്പിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്.ഉത്തരവിറങ്ങിയതായുള്ള പകർപ്പു കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം താത്ക്കാലികമായി നിർത്തിയത്. നിലവിലുണ്ടായിരിക്കുന്ന നടപടിയെ നിയമപരമായി തന്നെ അസോസിയേഷൻ നേരിടും
കെ.വി.സാബുലാൽ
പ്രസിഡന്റ്
ദി മർച്ചന്റ് അസോസിയേഷൻ
........
# പുതിയ സംഘടന
നിലവിൽ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധ സംഘടനയാണെന്നും ഇതിന്റെ നിയമവിരുദ്ധ ഇടപാടുകൾ കണ്ടെത്തിയതോടെയാണ് ബഡ്സ് ആക്ട് പ്രകാരം നടപടിയെടുത്തിരിക്കുന്നതെന്നാണ് പരാതിക്കാരുടെ വാദം.നിയമപരമായ രജിസ്‌ട്രേഷൻ പോലുമില്ലാതെയാണ് സംഘടന പ്രവർത്തിച്ചിരുന്നതെന്നും.വ്യാപാരികളുടെ ക്ഷേമത്തിനായി ദി മർച്ചന്റ് അസോസിയേഷൻ എന്ന പേരിൽ പുതിയ സംഘടന നിയമപരമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങി. കെ.ആർ.രൂപേഷ്(പ്രസിഡന്റ്),സിനിൽകുമാർ(സെക്രട്ടറി),സുനിൽചന്ദ്രദത്ത്(ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.