ആലപ്പുഴ: ആവേശക്കടലിരമ്പത്തോടെ മുന്നണികളുടെ കലാശപ്പോര്. മാസങ്ങൾ നീണ്ട കളർഫുൾ പരസ്യപ്രചരണത്തിനാണ് കൊട്ടിക്കലാശ കൊടുങ്കാറ്റോടെ സമാപനമായത്. പ്രധാന മുന്നണികളെല്ലാം ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയിൽ റോഡ് ഷോയോടെയാണ് കലാശ വേദിയിലെത്തിയത്. വാദ്യ മേളങ്ങളും, പാട്ടും, വർണ്ണക്കടലാസുകളും കൊണ്ട് ആവേശം വാനോളം ഉയർന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനക്കൂട്ടത്താൽ കൊട്ടിക്കലാശ കേന്ദ്രങ്ങൾ നിറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം നഗരത്തിലെ വിവിധയിടങ്ങളിലും, മാവേലിക്കര മണ്ഡലത്തിന്റേത് ചെങ്ങന്നൂരുമാണ് നടന്നത്.
വട്ടപ്പള്ളിയെ കളറാക്കി
യു.ഡി.എഫ്
കളർകോടുനിന്നാരംഭിച്ച റോഡ്ഷോ പ്രധാനകേന്ദ്രങ്ങളിലൂടെ ചുറ്റിതിരിഞ്ഞ് യു.ഡി.എഫ് കൊട്ടിക്കലാശത്തിന്റെ സമാപനകേന്ദ്രമായ വട്ടപ്പള്ളിയിൽ തുറന്ന വാഹനത്തിൽ കെ.സി. വേണുഗോപാൽ എത്തിയപ്പോൾ പ്രവർത്തകർ ആവേശത്തിരയായി. വാദ്യമേളങ്ങളുടെ അകമ്പടിക്കൊപ്പം കൊടിതോരണങ്ങളും വർണബലൂണുകളും ഉയർത്തിയാണ് വരവേറ്റത്. വർണക്കടലാസുകൾ വാരിവിതറുന്ന പേപ്പർ പോപ്പർ പൊട്ടിച്ചതോടെ ആവേശം ഇരട്ടിയായി. കേന്ദ്രസർക്കാരിനെയും സംസ്ഥാനസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാന്റെ പ്രസംഗം കത്തിക്കയറുന്നതിടെയാണ് കെ.സി വേദിയിലേക്ക് എത്തിയത്. പ്രവർത്തകർ തോളിൽ എടുത്തുയർത്തിയാണ് വേദിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നത്. കെ.സിയുടെ പ്രസംഗം കത്തികയറിയപ്പോൾ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കാനും മറന്നില്ല. പ്രവർത്തകർ കെ.സിയെ എടുത്തുയർത്തിയതോടെ അദ്ദേഹം സന്തോഷം കൊണ്ട് വികാരാധീനനായി വിതുമ്പി. തിരഞ്ഞെടുപ്പിൽ മത്സരിച്ച എക്കാലത്തും പരസ്യപ്രചാരണം അവസാനിപ്പിക്കുന്ന വട്ടപ്പള്ളിയിൽ മണിക്കൂറുകൾക്ക് മുമ്പേ സ്ത്രീകളും കുട്ടികളുമടക്കമുള്ള വൻജനാവലി എത്തിയിരുന്നു. മുസ്ലിംലീഗ് ജില്ലപ്രസിഡന്റ് എ.എം.നസീർ, കെ.പി.സി.സി ജനറൽസെക്രട്ടറി എ.എ.ഷുക്കൂർ, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജു, മഹിള കോൺഗ്രസ് ജില്ലപ്രസിഡന്റ് ബബിത ജയൻ എന്നിവരുമുണ്ടായിരുന്നു.
സക്കറിയ ബസാറിനെ
ചുവപ്പിച്ച് എൽ.ഡി.എഫ്
നാലുവഴികളിൽനിന്ന് കൊടിയും തോരണങ്ങളും ബാനറുകളുംകൊണ്ട് അലങ്കരിച്ച ഇരുചക്രവാഹനങ്ങളിലും ലോറിയിലും കാറിലും ടെമ്പോയിലുമെല്ലാം ആളുകൾ സക്കറിയ ബസാറിലേക്ക് ഒഴുകിയതോടെ ആലപ്പുഴ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ കൊട്ടിക്കലാശ വേദി ജനനിബിഡമായി. വാഹനങ്ങളിൽനിന്ന് ഉയരുന്ന പാട്ടുകൾക്കൊപ്പം പ്രവർത്തകർ ചുവടുവച്ചു. അഞ്ചരയോടെ തുറന്നജീപ്പിൽ കലക്ടറേറ്റ് ഭാഗത്തുനിന്ന് ജനക്കൂട്ടത്തിനിടയിലേക്ക് അഡ്വ.എ.എം.ആരിഫ് എത്തിയപ്പോൾ ജനാരവം ആവേശത്തിലായി. വൻജനാവലിയാണ് ആരിഫിനെ കാണാൻ സക്കറിയ ബാസറിലെത്തിയത്. സ്നേഹത്തിന് ചുരുങ്ങിയവാക്കുകളിൽ നന്ദി പറഞ്ഞശേഷം ജനക്കൂട്ടത്തെ കൈ ഉയർത്തി അഭിവാദ്യംചെയ്തു. തുടർന്ന് ആളുകൾ ജീപ്പിൽ നിന്ന് ആരിഫിനെ തോളിലേറ്റി ജനക്കൂട്ടത്തിനിടയിലേക്ക് നടന്നു.
ചെങ്കൊടികളും വർണബലൂണുകളും വർണക്കുടകളും മഴപോലെ പെയ്തിറങ്ങിയ വർണകടലാസുകളും റോഡ്ഷോയെ വർണാഭമാക്കി. നൂറകണക്കിന് ഇരുചക്രവാഹനങ്ങളും കാറുകളും അകമ്പടിയായി. മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ എന്നിവർ ആരിഫിനൊപ്പം ഉണ്ടായിരുന്നു.
മുല്ലയ്‌ക്കലിനെ ആറാടിച്ച്
എൻ.ഡി.എ
മുല്ലയ്ക്കൽ എ.വി.ജെ ജംഗ്ഷനിൽ നടന്ന എൻ.ഡി.എ കൊട്ടിക്കലാശം പ്രവർത്തകർ ആട്ടവും പാട്ടുമായി ആഘോഷമാക്കി. സ്ത്രീകളടക്കം ചുവടുകൾവച്ചു. വാദ്യ മേളങ്ങളും അമ്മൻകുടവും കലാശക്കൊട്ടിനെ കളറാക്കി. കാവി ബലൂണുകളും, കൊടിയും, പ്രധാനമന്ത്രിയുടെ ചിത്രങ്ങളും കൊണ്ട് മുല്ലയ്ക്കൽ വീഥി നിറഞ്ഞു. സ്ഥാനാർത്ഥിയെ കാണാൻ വീഥികൾക്ക് ഇരുവശവും ജനം തടിച്ചു കൂടി. മുല്ലയ്ക്കൽ പ്രദേശത്ത് കൊട്ടിക്കലാശം ആദ്യമായതിനാൽ വലിയ ജനക്കൂട്ടമാണ് ആഘോഷം കാണാനെത്തിയിരുന്നത്. നാട് കാണാനെത്തിയ വിദേശികൾ ഉൾപ്പടെ കലാശക്കൊട്ടിന്റെ ആവേശത്തിൽ മുഴുകി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ റോഡ് ഷോ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ബി.ഡി.ജെ.എസ് നേതാക്കളായ അഡ്വ.ജ്യോതിസ്, ടി.അനിയപ്പൻ, ബി.ജെ.പി ജില്ലാ നേതാക്കളായ അരുൺ അനിരുദ്ധൻ, വിമൽ രവീന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.