ggh

ഹരിപ്പാട് : കൃഷി വിളവെടുപ്പ് തീയതി നിശ്ചയിച്ചിട്ടും പാടത്തെ വെള്ളം താഴാത്തതിനാൽ കർഷകർ ആശങ്കയിൽ. പത്തിയൂർ കരിപ്പുഴ ഉള്ളിട്ട പുഞ്ചയിലെ കർഷകരാണ് വലയുന്നത്.

910 ഏക്കർ വരുന്ന പാടത്തു 800 ഏക്കറിലാണ് നെൽകൃഷി ഇറക്കിയത്. മെയ്‌ 5ന് വിളവെടുപ്പും തീരുമാനിച്ചു. എന്നാൽ പാദം പൊക്കത്തിൽ പാടത്തു വെള്ളം കെട്ടികിടക്കുന്നത് കാരണം വിളവെടുക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൊയ്ത്തിനു 20 ദിവസം മുൻപ് പാടം ഉണങ്ങി കിടന്നാൽ മാത്രമേ കൊയ്ത്തു യന്ത്രം ഇറക്കി സുഗമമായി കൊയ്ത്തു നടക്കു. 180 ഓളം കർഷകരാണ് ഇവിടെ കൃഷി ഇറക്കിയിരിക്കുന്നത്. പാടശേഖരസമിതിയുടെയും നെല്ലുൽപാദക സമിതിയും ഭാഗത്തുനിന്നും യാതൊരു ഇടപെടലുകളും ഉണ്ടാകുന്നില്ല എന്ന് കർഷകൻ സുരേഷ് മുട്ടം പറഞ്ഞു. ചേപ്പാട്, പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് പാടശേഖരം.

തോട്ടിൽ പോള തിങ്ങി

1.കരിപ്പുഴ- പത്തിയൂർ തോട്ടിൽ നിന്നും കായംകുളം തോട്ടിലേക്ക് നീരൊഴുക്ക് തടസപെട്ടതാണ് പ്രതിസന്ധിയ്ക്ക് കാരണം

2.കരിപ്പുഴ മുതൽ പത്തിയൂർ വരെ പായലും മുളം പോച്ചയും മറ്റു മാലിന്യങ്ങളും തിങ്ങി ഒഴുക്ക് നിലച്ചു

3.പാടത്തു നിലവിൽ വെള്ളം 50 എച്ച് പി മോട്ടോർ ഉപയോഗിച്ച് പമ്പിംഗ് നടത്തിയിട്ടും വെള്ളം വറ്റിക്കാനാകുന്നില്ല

4.പമ്പിംഗ് കോൺട്രാക്ടർ വീണ്ടും 30 എച്ച്.പിയുടെ മോട്ടോർ കൂടി വെച്ച് പമ്പിംഗ് നടത്തിയിട്ടും വെള്ളം ഒഴുകിപ്പോകുന്നില്ല

നിരവധി തവണ,കൃഷി ഓഫീസ്, ഇറിഗേഷൻ വകുപ്പ്, ജില്ലാ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഉത്തരവാദിത്തപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണം

- കർഷകർ