ആലുപ്പുഴ: ഒന്നരമാസത്തിലേറെ നീണ്ടുനിന്ന ശബ്ദഘോഷങ്ങൾക്കും ഇന്നലെ ഒരു ദിവസം നടന്ന നിശബ്ദ നീക്കങ്ങൾക്കും ശേഷം ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ 27.31ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തും. പ്രധാന മുന്നണികളുടെ പ്രവർത്തകർ ഇന്നലെ രാവിലെ മുതൽ വോട്ട് ഉറപ്പിക്കാനായി ഭവന സന്ദർശനവും ലഘുലേഖ വിതരണവും നടത്തി. ആലപ്പുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭസുരേന്ദ്രൻ മണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ ഉൾപ്പെടുത്തിയ കൈപുസ്തകവും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ ആലപ്പുഴയുടെ വികസനത്തിനായി നടത്തിയ പദ്ധതികൾ വിവരിക്കുന്ന പ്രസ്താവനയും എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളും പുതിയ വികസന കാഴ്ചപ്പാടും ഉൾപ്പെടുത്തിയുള്ള ലഘുലേഖകളും വിതരണം ചെയ്തു. പോളിംഗ് സ്റ്റേഷന് 100 മീറ്റർ ചുറ്റളവിൽ വോട്ട് ക്യാമ്പയിൻ അനുവദിക്കില്ല. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരസ ജോണിന്റെ നേതൃത്വത്തിൽ 3,000പൊലീസുകാരെയും കേന്ദ്ര സേനയെയും സുരക്ഷയ്ക്കായി നിയമിച്ചു.