
അമ്പലപ്പുഴ : കൊയ്ത നെല്ല് റോഡിലേക്കെത്തിക്കാൻ അധിക കൂലിച്ചെലവ് വേണ്ടി വന്നതോടെ കർഷകർ ദുരിതത്തിൽ.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൃഷിഭവന് കീഴിലെ നാലുപാടം പാടശേഖരത്തിലെ തെക്കൻ മേഖലയിലെ കർഷകരാണ് അധികച്ചെലവിൽ വലയുന്നത്.
കൊയ്ത നെല്ല് മില്ലുകാർ സംഭരിക്കണമെങ്കിൽ നെല്ല് റോഡിലെത്തിച്ചു നൽകണം . തോട്ടിൽ വെള്ളക്കുറവുള്ളതും പോള നിറഞ്ഞതും കാരണം വള്ളക്കാർ എത്താത്തതാണ് കർഷകരെ ഏറെ ദുരിതത്തിലാക്കുന്നത്.
പുറംബണ്ടിലൂടെ റോഡ് വേണമെന്ന കർഷകരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യവും അധികൃതർ ഇതുവരെ നടപ്പാക്കിയിട്ടില്ല. റോഡ് നിർമ്മിച്ചും, തോട് വൃത്തിയാക്കിയും കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
പുറംബണ്ടിലൂടെ നെല്ല് എത്തിക്കണം
നെല്ല് ചാക്കുകളിലാക്കി രണ്ടര മീറ്റർ മാത്രം വീതിയുള്ള പുറംബണ്ടിലൂടെ ട്രോളിയിലോ പെട്ടിവണ്ടിയിലോ കൊപ്പാറക്കടവിലെത്തിക്കണം
വള്ളത്തിൽ കയറ്റി പോളക്കിടയിലൂടെ വള്ളം വലിച്ച് പള്ളാത്തുരുത്തി ആറിന്റെ കടവിലെത്തിക്കുകയാണ് മറ്റൊരു മാർഗം
ഇങ്ങനെ നെല്ലുകൊണ്ടു പോകുന്നതിന് ഒരു ക്വിന്റലിന് 125 രൂപയോളം അധികച്ചെലവു വരും
മുൻ കാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി തോട്ടിലെ പോള നീക്കിയിരുന്നു
എന്നാൽ, രണ്ടു വർഷമായി പോളവാരൽ നടക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്
തോട്ടിൽ പോളയും ചെളിയും നിറഞ്ഞു കിടക്കുന്നതിനാൽ വള്ളം വരുന്നില്ല. നെല്ല് ചാക്കിൽ കെട്ടി പെട്ടി വണ്ടിയിൽ കൊപ്പാറക്കടവിൽ എത്തിക്കണം. കൃഷി ചെലവിന് പുറമെയുള്ള ഈ അധിക ചെലവ് താങ്ങാനാവില്ല
- അനിൽകുമാർ,കർഷകൻ