ചേർത്തല: മെഡിക്കൽ ഉപകരണ നിർമ്മാണരംഗത്ത് ഇന്ത്യയിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ട്രൂമെഡ് ഗ്രൂപ്പ് കൃത്രിമ ശ്വാസകോശം നിർമ്മിച്ച് വിപണിയിലിറക്കും. ഹൃദയശസ്ത്രക്രിയ സമയത്ത് ഉപയോഗിക്കുന്ന ഉപകരണം ഇന്ത്യയിൽ ഇതാദ്യമായാണ് നിർമ്മിക്കുന്നതെന്ന് കമ്പനി എം.ഡി അജയകുമാറും,ഡയറക്ടർ എ.ദീപുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശസ്ത്രക്രിയക്കിടെ പ്രാണവായു വിതരണം നിലയ്ക്കാതിരിക്കാനാണ് ഉപകരണം ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഉത്പാദനം ഇല്ലാത്തതിനാൽ ഇറക്കുമതിചെയ്താണ് നിലവിൽ ഉപയോഗിക്കുന്നത്. കുറഞ്ഞവിലയ്ക്ക് വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായി വിദഗ്ദ്ധർക്ക് മുന്നിൽ 27ന് പദ്ധതി അവതരിപ്പിക്കും. രാവിലെ 10.30ന് ചേർത്തല ട്രാവൻകൂർ പാലസിലാണ് പരിപാടി. ടെറുമോ പെൻപോൾ ലിമിറ്റഡ് സ്ഥാപകൻ സി.ബാലഗോപാൽ, അമൃത സർവകലാശാല സ്‌കൂൾ ഒഫ് ബയോടെക്‌നോളജി ഡീൻ ഡോ.ബിപിൻകുമാർ, ബയോ മെറ്റീരിയൽസ് സൊസൈറ്റി സ്ഥാപകൻ ഡോ.സി.പി.ശർമ,ടെറുമോ പെൻപോ ലിമിറ്റഡ് മുൻ സി.എം.ഡി സി.പത്മകുമാർ എന്നിവർ പങ്കെടുക്കും.
ചേർത്തല തെക്ക് പഞ്ചായത്തിലെ അരീപ്പറമ്പിലാണ് ഉപകരണ നിർമ്മാണശാല. ചെന്നൈയിൽ കോർപറേറ്റ് ഓഫീസും ഗോവയിൽ ഗവേണകേന്ദ്രവും പ്രവർത്തിക്കുന്നു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റിട്ട. ശാസ്ത്രജ്ഞൻ എച്ച്.വിജയകുമാറാണ് കമ്പനി ചെയർമാൻ.എം.ഡി അജയകുമാർ ചേർത്തല കരുവ സ്വദേശിയാണ്.