mathrika-poling-station

മാന്നാർ: ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ മാതൃകാ പോളിംഗ് സ്റ്റേഷനായ മാന്നാർ നായർസമാജം ബോയ്‌സ് ഹയർസെക്കന്ററി സകൂളിലെ എട്ടാം നമ്പർ ബൂത്തിനെ പ്രകൃതി സൗഹൃദ ബൂത്താക്കി മാറ്റിയിരിക്കുകയാണ് മാന്നാർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന. 'നവകേരള സൃഷ്ടിക്കായി ഹരിത കർമ്മ സേന മുന്നോട്ട്' എന്ന ലക്ഷ്യത്തോടെ മാന്നാർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഓലകൊണ്ട് മേഞ്ഞ മാതൃകാ വിശ്രമമുറിയും കുടിവെള്ളത്തിനായി മൺകൂജയും പ്ലാസ്റ്റിക്കുകകളും പേപ്പറുകളും നിക്ഷേപിക്കുന്നതിനായി ഓലകൊണ്ട് മെടഞ്ഞ വട്ടിയും തയാറാക്കി വെച്ചിട്ടുണ്ട്. ഓലകൊണ്ട് തന്നെ പക്ഷികളെയും മറ്റും ഉണ്ടാക്കി ഈ മാതൃകാ വിശ്രമമുറിയുടെ കവാടം മനോഹരമായി അലങ്കരിച്ചിട്ടുമുണ്ട്. ഇവയുടെ നിർമ്മാണത്തിനായി ഇന്നലെ രാവിലെ മുതൽ മാന്നാർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സൂര്യ എസ്.നായരുടെ മേൽനോട്ടത്തിലും ഹരിതകർമ്മ സേനാ പ്രസിഡന്റ് അന്നമ്മ ബേബി, സെക്രട്ടറി ബിന്ദു ശശി എന്നിവരുടെ നേതൃത്വത്തിലും മുപ്പത്തിരണ്ടോളം അംഗങ്ങളാണ് കർമ്മ നിരതരായത്. ഇന്ന് വോട്ട് ചെയ്യാനായി മാതൃകാ ബൂത്തിലെത്തുന്നവർക്ക് ആവശ്യമായ സേവന പ്രവർത്തനങ്ങളുമായും ഹരിത കർമ്മ സേന രംഗത്തുണ്ടാകും.

ഓരോ നിയമസഭാ മണ്ഡലത്തിലും ഓരോ മാതൃകാ ബൂത്തുകളാണുള്ളത്. പ്ലാസ്റ്റിക് വിമുക്തമായ മാതൃക പോളിംഗ് സ്‌റ്റേഷനിൽ ഭിന്നശേഷിക്കാർക്കുള്ള വീൽച്ചെയർ, എല്ലാ വോട്ടർമാർക്കും ലൈറ്റ് റിഫ്രഷ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. മുതിർന്ന പൗരർക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സെക്ടറൽ ഓഫീസർ രാധികാദേവി.ആർ പറഞ്ഞു. മാതൃകാ പോളിങ് സ്റ്റേഷനായ മാന്നാർ നായർസമാജം ബോയ്‌സ് ഹയർസെക്കന്ററി സകൂളിലെ എട്ടാം നമ്പർ ബൂത്തിൽ 522 പുരുഷന്മാരും 604 സ്ത്രീകളുമടക്കം ആകെ 1126 വോട്ടർമാരാണുള്ളത്.