ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിന് ജില്ലയിലെ ബൂത്തുകൾ ഒരുങ്ങി. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ബൂത്തുകളിലെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.
ഇന്നലെ നിയമസഭ മണ്ഡലങ്ങളിലെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ ബൂത്തുകളിലേക്ക് ആവശ്യമായ പോളിംഗ് സാമഗ്രികളുടെ വിതരണം ചെയ്തു. 10 ബൂത്തുകൾക്ക് ഒരു കൗണ്ടർ എന്ന നിലയിലാണ് വിതരണ സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചത്. രാത്രി തന്നെ ഉദ്യോഗസ്ഥർ അവരവരുടെ പോളിംഗ് ബൂത്തുകളിലെത്തി ക്രമീകരണങ്ങൾ പൂർത്തിയാക്കി.

13 തിരിച്ചറിയൽ രേഖകൾ

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐ.ഡി കാർഡ് തിരിച്ചറിയൽ രേഖയ്ക്ക് പുറമേ ഫോട്ടോപതിച്ച മറ്റ്12 അംഗീകൃത തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാം. ആധാർ കാർഡ്, പാൻ കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ്(യു.ഡി.ഐ.ഡി.), സർവീസ് ഐ.ഡി. കാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, എൻ.പി.ആർ.- ആർ.ജി.ഐ. നൽകുന്ന സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, എം.പി./എം.എൽ.എ./ എം.എൽ.സി.മാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് എന്നിവയാണ് ഇവ.

കാഴ്ചപരിമിതർക്കും അവശർക്കും സഹായി

കാഴ്ചപരിമിതി നേരിടുന്നവരോ അവശരോ ആയവർക്ക് സ്വന്തമായി വോട്ടുചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെടുകയാണെങ്കിൽ വോട്ടർ കൊണ്ടു വരുന്ന സഹായിയെ അനുവദിക്കും. ഇതിന് സഹായിയുടെ സത്യവാങ് മൂലം എഴുതി വാങ്ങും.

പോളിംഗ് ബൂത്തിൽ പ്രവേശനം

സമ്മതിദായകർ, പോളിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ ഏജന്റ്, പോളിംഗ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിട്ടുള്ള ജീവനക്കാർ, കൈക്കുഞ്ഞ്, കാഴ്ച പരിമിതി നേരിടുന്നവരോ പരസഹായം ആവശ്യമുള്ളതോ ആയ സമ്മതിദായകരുടെ സഹായികൾ എന്നിവർക്ക് മാത്രമാണ് പ്രവേശനം.