attilchattam-

മാന്നാർ: കുരട്ടിക്കാട് പാട്ടമ്പലത്തിൽ അമ്മയുടെ ആറ്റിൽ ചാട്ടം ചടങ്ങ് ഇന്ന് വൈകിട്ട് 4.30ന് മാന്നാർ ടൗണിൽ നടക്കും. കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിലെ അൻപൊലി അരീപ്പറ മഹോത്സവത്തോടനുബന്ധിച്ച് കുരട്ടിശ്ശേരി കരയിലെ പറയ്‌ക്കെഴുന്നള്ളത്ത് ദിനമായ ഇന്നാണ് ചരിത്രപ്രസിദ്ധമായ ആറ്റിൽ ചാട്ടം ചടങ്ങ് നടക്കുന്നത്. രാവിലെ 8.30ന് കുരിട്ടശ്ശേരി ഭാഗത്തേക്ക് പറയ്‌ക്കെഴുന്നള്ളിപ്പ് ആരംഭിക്കും. തൃക്കുരട്ടി മഹാദേവർക്ഷേത്രസന്നിധിയിൽ പാട്ടമ്പലത്തിലമ്മ എത്തി മഹാദേവന്റെ കയ്യിൽനിന്ന് പറയും സ്വീകരിച്ച്, കോയിക്കൽ കൊട്ടാരം, കൊല്ലശ്ശേരിൽ ഭാഗം എന്നിവിടങ്ങളിലെ പറകൾ എടുത്ത് നമ്പോക്കാവിൽ പറയും സ്വീകരിച്ച് മടങ്ങുമ്പോഴാണ് ആറ്റിൽചാട്ടം ചടങ്ങ് നടക്കുന്നത്. പടനിലം എന്നറിയപ്പെടുന്ന മാന്നാർ മാർക്കറ്റ് ജംഗ്‌ഷനിലാണ് ചടങ്ങ്. പണ്ട് പടനിലംഭാഗത്ത് പറയെടുക്കാൻ ചെല്ലുമ്പോൾ അമ്മക്ക് പെട്ടെന്നുണ്ടാകുന്ന ഭാവമാറ്റവും മുന്നോട്ട് കുതിച്ചോടുന്നതും ദേവീഹിതം നോക്കി മനസിലാക്കിയപ്പോൾ അമ്മയുടെ മാതൃസ്ഥാനത്ത് നിൽക്കുന്ന പമ്പയാറിനക്കരെയുള്ള പനയന്നാർകാവിലെ അമ്മയെ കാണുവാൻ പോകാനുള്ള അനുഗ്രഹഓട്ടം ആണെന്നും, അങ്ങനെപോയാൽ പാട്ടമ്പലത്തിലമ്മ തിരികെ വരില്ലായെന്നും ദേവീചൈതന്യം പനയന്നാർകാവിൽ കുടികൊള്ളുമെന്നും പ്രശ്നത്തിൽ കണ്ടിരുന്നു. തുടർന്ന് പടനിലം മാർക്കറ്റിന് കിഴക്കുവശത്തുള്ള കോന്നാത്ത് തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ശാന്തയാക്കുകയും ചെയ്യുന്നു. പിന്നീട് കുരട്ടിശ്ശേരിഭാഗത്തെ ബാക്കിപറകളും എടുത്ത് തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിലെത്തി യാത്രചോദിച്ച് മടങ്ങും. കാലങ്ങൾ കഴിഞ്ഞിട്ടും ചടങ്ങുകൾ ഇന്നും മുടങ്ങാതെ നിലകൊള്ളുന്നു.