ചേർത്തല :തിരഞ്ഞെടുപ്പിൽ ആർക്കും അനുകൂലതരംഗമില്ലെന്നും പെട്ടിപൊട്ടിക്കുമ്പോൾ ഇത് ബോദ്ധ്യമാകുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങര ദേവസ്വം സ്കൂളിലെ 7ാം ബൂത്തിൽ വോട്ട് ചെയ്തശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാരെക്കാൾ വലിയ കൗശലക്കാരായി വോട്ടർമാർ മാറി. എല്ലാവശവും പരിശോധിച്ചാണ് ചെറുപ്പക്കാർ വോട്ട് ചെയ്യുന്നത്. ഈ വോട്ടുകൾ നിർണായകമാണ്. എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരും. ആലപ്പുഴയിൽ മൂന്നു സ്ഥാനാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബി.ജെ.പിക്ക് വോട്ട് ശതമാനം വർദ്ധിക്കും.
കാണാത്തതും അറിയാത്തതുമായ കാര്യങ്ങളിൽ അഭിപ്രായമില്ലെന്നായിരുന്നു ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട് ഇ.പി ജയരാജന് നേരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
പാർട്ടിയിൽ അറിയിക്കാതെയാണ് ദല്ലാളിനെ കാണാൻ പോയതെങ്കിൽ ഇ.പിയുടെ നടപടി തെറ്റാണ്.തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭാര്യ പ്രീതി നടേശൻ,മകൾ വന്ദന എന്നിവർക്കൊപ്പമാണ് വോട്ടു ചെയ്യാൻ എത്തിയത്.