ആലപ്പുഴ: പല കാര്യങ്ങളുടെയും തെളിവുകൾ ഉള്ളതിനാൽ ഇ.പി.ജയരാജന് ദല്ലാൾ നന്ദകുമാറിനെ പേടിയാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷയും ആലപ്പുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പിണറായിയുടെ ചെയ്തികളിൽ മനസ്സു നുറുങ്ങിയാണ് സി.പിഎമ്മുകാരിൽ പലരും ബി.ജെ.പിയുടെ കൈ പിടിച്ചത്. പാപക്കറ നിറഞ്ഞ പലരുടെയും കൈപിടിച്ച ആളാണ് മുഖ്യമന്ത്രി. പ്രാണഭയം കൊണ്ടാണ് ചിലർ ഇപ്പോഴും സി.പി.എമ്മിൽ തുടരുന്നത്. സ്വന്തം കുടുംബത്തിനു വേണ്ടി പാപികളുടെ കൈപിടിച്ച ശേഷം മുഖ്യമന്ത്രി ജനങ്ങളെ പൗരബോധം പഠിപ്പിക്കരുത്. നിലവാരമില്ലാത്തവനും ഫ്രോഡുമാണ് നന്ദകുമാറെന്ന് മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനും പറഞ്ഞിട്ടും, ഇ.പി.ജയരാജൻ നന്ദകുമാറിനെതിരെ കേസ് കൊടുത്തില്ല. ഇത് എന്തുകൊണ്ടെന്ന് അറിയാൻ ആഗ്രഹമുണ്ട്. കോൺഗ്രസിൽ നിന്നാരും ബി.ജെ.പിയിൽ പോകില്ലെന്നാണ് വി.ഡി.സതീശൻ പറയുന്നത്. കെ.സുധാകരൻ ഉൾപ്പടെ പല നേതാക്കളും മുമ്പ് ബി.ജെ.പിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അതിന് ഇട നില വഹിച്ചത് താനായിരുന്നില്ലെന്നും ശോഭ മാദ്ധ്യമങ്ങളോട് പറഞ്ഞു.