
മാന്നാർ: കാലിന്റെ സർജറി കഴിഞ്ഞ് കന്നി വോട്ട് ചെയ്യാനായി ടി.എസ്.മുഹമ്മദ് ആഷിഖ് നേരെ എത്തിയത് പോളിംഗ് ബൂത്തിൽ. സേവാദൾ ജില്ലാ വൈസ് ചെയർമാൻ തറയിൽപള്ളത്ത് ഷഫീഖ് ടി.എസിന്റെയും സജീന ഷഫീഖിന്റേയും മകനായ മുഹമ്മദ് ആഷിഖാണ്, സർജറി ചെയ്ത കാലുമായി കൂട്ടുകാരുടെയും മറ്റും സഹായത്തോടെ വീൽച്ചെയറിലെത്തി വോട്ട് ചെയ്തത്. ഒന്നര വർഷം മുമ്പുണ്ടായ വാഹനാപകടത്തെ തുടർന്ന് വലതുകാലിൽ ഉറപ്പിച്ചിരുന്ന കമ്പി നീക്കം ചെയ്യുന്നതിനായി പരുമല സെന്റ് ഗ്രിഗോറിയോസ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു സർജറി. സർജറി കഴിഞ്ഞ് വൈകിട്ട് മൂന്നിനാണ് മാന്നാർ നായർ സമാജം സ്‌കൂളിലെ എട്ടാം നമ്പർ ബൂത്തിലെത്തി ആഷിഖ് വോട്ട് രേഖപ്പെടുത്തിയത്. ഏറെ പ്രയാസം അനുഭവിച്ചിട്ടാണെങ്കിലും കന്നിവോട്ട് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്ലസ്‌ടു പരീക്ഷാ ഫലം പ്രതീക്ഷിച്ച് കഴിയുന്ന മുഹമ്മദ് ആഷിഖ് പറഞ്ഞു.