
ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ 74.75% ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ ജില്ലകളിലൊന്നാണ് ആലപ്പുഴ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 80.25 ശതമാനമായിരുന്നു പോളിംഗ്. ആകെ 14,00,083 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. കനത്ത ചൂട് കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് ശതമാനത്തിൽ ഇടിവ് വീഴ്ത്തി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വോട്ടർമാരിൽ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് തന്നെ പോളിംഗ് സ്റ്റേഷനുകളിലെത്തിയിരുന്നു. വോട്ടെടുപ്പ് സമയം അവസാനിച്ച ആറ് മണിക്ക് ശേഷവും തീരദേശ മണ്ഡലങ്ങളിലടക്കം പല ബൂത്തുകളിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു. ആകെയുള്ള 1333 പോളിംഗ് സ്റ്റേഷനുകളിൽ 903 ഇടത്ത് മാത്രമാണ് ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിച്ചത്.
പൂലർച്ചെ മുതൽ തിരക്ക്
വെയിലുദിച്ചാൽ ക്ഷീണം നേരിടേണ്ടിവരുന്നത് ഒഴിവാക്കാൻ വോട്ടർമാർ പുലർച്ചെ തന്നെ പോളിംഗ് സ്റ്റേഷനുകളിലെത്തിയിരുന്നു. പല ബൂത്തുകളിലും രാവിലെ 6 മണി മുതൽ ക്യൂ രൂപപ്പെട്ട് തുടങ്ങി. ഉച്ചയ്ക്ക് 12 മണി വരെ ഇതേ ട്രെൻഡ് നിലനിന്നു. വൈകിട്ട് നാല് മണിവരെ പൊതുവിൽ വോട്ടർമാർ പുറത്തേക്കിറങ്ങാൻ മടി കാണിച്ചെങ്കിലും പിന്നീട് കൂട്ടമായി എത്തിയതാണ് പല ബൂത്തുകളിലും ആറ് മണിക്ക് ശേഷവും വോട്ടർമാരുടെ ക്യൂ നീളാൻ കാരണമായത്.
മദ്യപിച്ചെന്ന പേരിൽ പ്രിസൈഡിംഗ് ഓഫീസറെ മാറ്റി
കാക്കാഴം സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ അമ്പലപ്പുഴ സ്വദേശി സോമരാജൻ (76) വോട്ട് രേഖപ്പെടുത്തി ബൂത്തിന് പുറത്തിറങ്ങിയ ശേഷം കുഴഞ്ഞുവീണ് മരിച്ചു. കഞ്ഞിക്കുഴി ചാരമംഗലം സ്കൂളിലെ പ്രിസൈഡിങ്ങ് ഓഫീസറെ മദ്യപിച്ചെന്ന ആരോപണത്തെ തുടർന്ന് ചുമതലയിൽ നിന്ന് മാറ്റി. ഇദ്ദേഹം മദ്യപിച്ച് അസ്വാഭാവികമായി പെരുമാറിയെന്ന് ബൂത്തിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു. തുടർന്നാണ് രാവിലെ തന്നെ പകരം ഓഫീസറെ ചുമതലപ്പെടുത്തിയത്. എന്നാൽ രക്തപരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.
മിക്ക ബൂത്തുകളിലും വോട്ടിംഗ് മെഷീനിൽ ബീപ്പ് ശബ്ദം കേൾക്കാൻ കാലതാമസമുണ്ടായത് വോട്ടർമാരെ കുഴപ്പിച്ചു. വോട്ട് രേഖപ്പെടുത്തിയതിലെ പിശകാണെന്ന് കരുതി പലരും വീണ്ടും വീണ്ടും ബട്ടണിൽ അമർത്തി. ഏഴ് സെക്കൻഡ് വരെയാണ് ശബ്ദം കേൾക്കാൻ കാലതാമസം നേരിട്ടത്. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ ബൂത്തിൽ കുഴഞ്ഞു വീണ സക്കറിയ ബസാർ സ്വദേശി ഹബീബ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം തിരികെയെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.