
കായംകുളം: കായംകുളത്ത് വോട്ടെടുപ്പ് സമാധാനപരം. എങ്ങും അക്രമ സംഭവങ്ങൾ ഉണ്ടായില്ല. രാവിലെ തുടങ്ങിയ നീണ്ട ക്യൂവിന് വൈകിട്ട് ആറുമണി കഴിഞ്ഞിട്ടും ശമനമുണ്ടായില്ല. വോട്ടെടുപ്പ് സമയം കഴിഞ്ഞതോടെ ക്യൂവിൽ നിന്നവർക്ക് സ്ലിപ്പ് നൽകിയും ഗേറ്റ് അടച്ചും വോട്ടെടുപ്പ് തുടർന്നു.
ഞാവക്കാട് എൽ.പി സ്കൂളിലെ 58 ാംനമ്പർ ബൂത്തിൽ രാവിലെ പത്ത് മണിയോടെ വി.വി പാറ്റ് തകരാറിലായത് ഒരു മണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെടുത്തി. 99,148,100,114,67,95,57 ബൂത്തുകളിലും വോട്ടിംഗ് യന്ത്രം തകരാറിലാകുകയും പിന്നീട് പരിഹരിക്കുകയും ചെയ്തു. പതിവിന് വിവരീതമായി എല്ലാ ബൂത്തുകളിലും ഒരു മണിക്കൂറിലധികം വോട്ടർമാർക്ക് ക്യൂവിൽ നിൽക്കേണ്ടി വന്നു. ഓരോ വോട്ടിനും യന്ത്രം സജ്ജമാക്കുന്ന താമസവും വിവി പാറ്റ് ദൃശ്യമാകുന്നതിനുള്ള താമസവും കാരണമായിരുന്നു ഇങ്ങനെ സംഭവിച്ചത്.
കായംകുളം എം.എസ്.എം കോളേജിലുള്ള ബൂത്തിലും എരുവ മാവിലേത്ത് സ്കൂളിലുള്ള മൂന്ന് ബൂത്തുകളിലും കൃഷ്ണപുരം സ്കൂളിലും വൈകിട്ട് സമയം കഴിഞ്ഞിട്ടും നൂറുകണക്കിന് വോട്ടർ മാർ ക്യൂവിലുണ്ടായിരുന്നു.
മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എ അരുൺ കുമാർ ചേരാവള്ളി എൽ.പി സ്കൂളിലെ 98 ാം നമ്പർ ബൂത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തി. 102 വയസുകാരനായ കെ.എ.ബക്കർ പുള്ളിക്കണക്ക് എൻ.എസ്.എസ് ഹൈസ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.