
മാന്നാർ: പക്ഷിപ്പനിയുണ്ടായ താറാവുകളെ കൊന്നൊടുക്കൽ (കള്ളിംഗ്) പ്രക്രിയയിൽ പങ്കെടുത്തതിനെ തുടർന്ന് ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആരോഗ്യ പ്രവർത്തകയ്ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക സമയം അനുവദിച്ചു. പാണ്ടനാട് വെറ്റിനറിയിലെ ജീവനക്കാരി മാന്നാർ കുട്ടമ്പേരൂർ നാലാംപ്ലാറ്റിൽ അമ്പിളിയാണ് പോളിംഗ് അവസാനിക്കുന്ന നേരത്ത് പ്രത്യേക അനുമതിയോടെ വോട്ട് ചെയ്യാനെത്തിയത്. മാന്നാർ ഗവ.ജെ.ബി.എസിലെ 15-ാം നമ്പർ ബൂത്തിൽ മാസ്കും കൈയുറകളും ധരിച്ചായിരുന്നു വോട്ട് ചെയ്തത്. കൊവിഡ് ഉണ്ടായിരുന്നതിനാൽ വോട്ടിംഗ് അവസാനിക്കുന്ന നേരത്ത് എത്തിയാൽ മതിയെന്നും ക്യൂ ഉണ്ടെങ്കിൽ അതവസാനിച്ചതിന് ശേഷം വോട്ട് ചെയ്യിപ്പിക്കാമെന്നും അധികൃതർ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 19നായിരുന്നു ചെറുതനയിൽ പക്ഷിപ്പനിയെ തുടർന്ന് താറാവുകളെ കൊന്നൊടുക്കൽ (കള്ളിംഗ്) പ്രക്രിയയിൽ അമ്പിളി പങ്കെടുത്തത്. ചെറുതനയിൽ രണ്ട് ടീമായും എടത്വായിൽ ഒരു ടീമായും അമ്പതോളം ആരോഗ്യപ്രവർത്തകരും താറാവ് കർഷകർ ഉൾപ്പെടെയുള്ള പുറത്തു നിന്നുള്ളവരും പങ്കെടുത്തിരുന്നു. അന്ന് ഹോം ക്വാറന്റൈനിൽ കഴിയാനായി വീട്ടിലെത്തിയ അമ്പിളിക്ക് പനിയും തൊണ്ടവേദനയും തലവേദനയും അനുഭവപ്പെട്ടിരുന്നു. അധികൃതരെ വിവരം അറിയിച്ചതിൻ പ്രകാരം മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരെത്തി സ്രവം ശേഖരിച്ച് സ്വാബ് പരിശോധനയ്ക്കയക്കുകയും അതോടൊപ്പം കൊവിഡ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ചെങ്കിലും പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കയച്ചതിന്റെ റിസൽട്ട് ഇതുവരെ ലഭ്യമായിട്ടില്ല.